കൊച്ചി: ജില്ലയിലെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനൽമഴ ലഭിച്ച സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾക്കെതിരേ മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യവിഭാഗം അധികൃതർ. മുൻ വർഷങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രത്യേകിച്ച് ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ജില്ലയിൽ പലയിടങ്ങളിലും ഇതിനോടകം പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ, ടയറുകൾ, റബർ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ചിരട്ടകൾ, ചെടിച്ചട്ടികളുടെ അടിയിൽ വയ്ക്കുന്ന പാത്രങ്ങൾ, വീടിന്റെ സണ്ഷെയ്ഡ്, മരപ്പൊത്തുകൾ, കെട്ടിടനിർമാണ സൈറ്റുകൾ, തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം പൂർണമായും ഇല്ലാതാക്കണം.
ഇത്തരം ഇടങ്ങളിൽ കൊതുകുകൾ മുട്ടയിടുകയും ഒരാഴ്ചയ്ക്കകം അവ പൂർണ വളർച്ച എത്തുകയും ചെയ്യും. അതിനാൽ ആഴ്ചയിലൊരു ദിവസം വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരങ്ങളിലും കൊതുകുകൾ മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അവ ഇല്ലാതാക്കാനായി ഉറവിട നശീകരണം നടത്തണം.
പ്ലാന്റേഷനുകളിലും കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും ജോലിയെടുക്കുന്ന തൊഴിലാളികൾ കൊതുക് കടിയേൽക്കാതിരിക്കാനുള്ള വ്യക്തിസുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കൊതുകുകടി ഏൽക്കാതിരിക്കുന്നതിനായി ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന തരത്തിലുള്ള ലേപനങ്ങൾ പുരട്ടുക, പകൽ ഉറങ്ങുന്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനി പകരുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.
പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടാൽ സ്വയം ചികിത്സിക്കാതെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്നും അധികൃതർ വ്യക്തമാക്കി.