കൊച്ചി: വെന്തുരുകുന്ന ചൂടിന് ആശ്വാസമേകി കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും മഴ പെയ്തു. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു മഴ പെയ്തത്. ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കൊടുംചൂടിന് ശമനമേകാൻ മഴ പെയ്തതു സഹായിച്ചിട്ടുണ്ട്. പുലർച്ചെ റെയിൽവേ സ്റ്റേഷനുകളിലും കെഎസ്ആർടിസി സ്റ്റാൻഡിലും വന്നിറങ്ങിയവർ നനഞ്ഞുകൊണ്ടാണ് മഴയെ സ്വീകരിച്ചത്.
കനത്ത ചൂടിൽ വലയുന്നതിനിടെ മഴ പെയ്തത ആശ്വാസകരമായെന്നാണ് ഇവർ പറയുന്നു. അതേസമയം, ഇന്ന് രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ അനുഭവപ്പെടുന്നത് വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന സൂചന നൽകുന്നതായും ഇവർ പറയുന്നു. സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന ജില്ലകളിൽ ഒന്നാണ് എറണാകുളം. പല ഭാഗങ്ങളിലും കുടിവെള്ളം പോലും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.