പത്തനംതിട്ട: മഹാപ്രളയത്തിനുശേഷമുള്ള നെല്ലിനു വിളവെടുപ്പ് മെച്ചപ്പെട്ടിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിളവ് ലഭിച്ചതിന്റെ ആശ്വാസത്തിൽ കഴിയുന്ന കർഷകർക്ക് ഇരുട്ടടിയായി വേനൽമഴ ശക്തിപ്പെട്ടു. മഴയ്ക്കു മുന്പായി കൊയ്ത്ത് പൂർത്തിയാക്കാനും നെല്ല് പാടശേഖരങ്ങളിൽ നിന്നു മാറ്റാനുമുള്ള ശ്രമങ്ങൾക്കും തടസം നേരിട്ടു.
ജില്ലയിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം കർഷകർ നെട്ടോട്ടത്തിലാണ്. തിരുവല്ല താലൂക്കിലെ അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കൊയ്ത്തിനുശേഷമുള്ള നെല്ല് നീക്കിയിട്ടില്ല. അപ്പർകുട്ടനാട് പാടശേഖരത്തിൽ വിളവെടുപ്പ് ഏറെക്കുറെ പൂർത്തിയായിരുന്നു. മൂന്നാഴ്ച മുന്പ് കൊയ്തെടുത്ത് നെല്ല് ഇപ്പോഴും പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
ചാത്തങ്കേരി, കോടങ്കേരി പാടശേഖരങ്ങളിൽ കഴിഞ്ഞ 15നുള്ളിൽ കൊയ്തെടുത്ത നെല്ലാണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. മാനത്തു മഴക്കാറ് കാണുന്പോൾ കർഷകരുടെ മനസിൽ ഇടിത്തീ വീഴുകയാണ്. നെല്ല് സംഭരിക്കുന്നത് സപ്ലൈകോയാണ്. പക്ഷേ ഇവരുടെ നടപടിക്രമങ്ങളിലെ മെല്ലപ്പോക്കാണ് കർഷകരെ വലയ്ക്കുന്നത്. കുട്ടനാട്ടിലും കൊയ്ത്ത് പൂർത്തിയായതോടെ മില്ലുകാരുടെ ഗോഡൗണുകൾ നിറഞ്ഞു.
അപ്പർകുട്ടനാട്ടിൽ നിന്ന് കൂടുതൽ ലോഡ് എത്തിച്ചാൽ സൂക്ഷിക്കാനുള്ള അസൗകര്യം കാരണമാണ് സംഭരണം മന്ദഗതിയിലായതെന്ന് പറയുന്നു. തിരുവല്ലയിൽ നെല്ല് സൂക്ഷിക്കാൻ സംവിധാനങ്ങളില്ല. സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളെ അധികൃതരും കണ്ടില്ലെന്നു നടിക്കുകയാണ്.
വേനൽമഴ ശക്തമാകുന്നതോടെ കർഷകർക്കുണ്ടാകുന്ന നഷ്ടത്തെ മുതലെടുക്കാനുള്ള ശ്രമമുള്ളതായും ആക്ഷേപമുണ്ട്. സംഭരിക്കുന്ന നെല്ലിൽ കൂടുതൽ കിഴിവ് നേടുകയെന്ന ലക്ഷ്യത്തിൽ സ്വകാര്യ മില്ലുകൾ രംഗത്തുണ്ട്. ക്വിന്റലിന് അഞ്ച് മുതൽ എട്ടു കിലോവരെ കിഴിവ് സ്വകാര്യ മില്ലുകാർ ആവശ്യപ്പെടുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.
നിരണം മേഖലയിലും സംഭരണം നടക്കുന്നില്ല. അരിയോടിച്ചാലിൽ കൊയ്ത നെല്ല് ചാക്കിലാക്കി വച്ചിരിക്കുകയാണ്. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുന്നതിന് അഞ്ച് മുതൽ എട്ടു കിലോഗ്രാംവരെ അധികം നൽകണമെന്നാവശ്യം ചില മില്ലുകളിൽ നിന്നുണ്ടായിട്ടുണ്ട്.
ഒരു ക്വിന്റൽ നെല്ല് ലോറിയിൽ കയറ്റാൻ 210 രൂപയാണ് ചുമട്ടുതൊഴിലാളികൾ വാങ്ങുന്നത്. ലോറി നേരിട്ട് എത്താത്ത പ്രദേശങ്ങളിൽ നെല്ല് റോഡിലെത്തുന്പോഴേക്കും കർഷകന് അധികച്ചെലവുണ്ടാകും. മഴ ശക്തിപ്രാപിക്കുന്നതിനു മുന്പായി കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളിൽ നിന്നു മാറ്റുകയെന്നതാണ് കർഷകരുടെ ലക്ഷ്യം.
മാവര പാടശേഖരം വെള്ളത്തിലായി
തുന്പമണ്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മാവര പാടശേഖരം വേനൽമഴയേ തുടർന്ന് വെള്ളത്തിലായി. 15 ഏക്കറിലെ നെൽകൃഷിയാണ് മാവര പാടശേഖരത്തുള്ളത്. ഒരാഴ്ചയായി പാടശേഖരത്തു വെള്ളക്കെട്ടാണ്. വിളവെടുക്കാറായ നെല്ല് ഒരാഴ്ച വെള്ളത്തിൽ കിടന്നതോടെ നശിച്ച സ്ഥിതിയാണ്. കുറെയധികം നെല്ല് കൊയ്തെടുത്തിരുന്നു. കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്യാനാകാത്ത വിധം വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്താണ് നഷ്ടം. കൂലി നൽകിയാലും കൊയ്യാൻ ആളില്ലാത്ത സ്ഥിതിയുമുണ്ട്.
കരിങ്ങാലി പാടശേഖരവും കൊയ്ത്തിനു പാകമായി
പന്തളം നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ കരിങ്ങാലി പാടശേഖരത്തു നടത്തിയ കൃഷിയും വിളവെടുപ്പിനു പാകമായി. വേനൽമഴ ശക്തി പ്രാപിക്കുംമുന്പേ പാടശേഖരത്തു കൊയ്ത്ത് പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെ കർഷകസമിതി പ്രവർത്തിച്ചെങ്കിലും നടന്നില്ല. മഴയ്ക്കു മുന്പായി കൊയ്തെടുത്ത നെല്ല് നീങ്ങിയിട്ടില്ല.
സംഭരിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. സപ്ലൈകോയാണ് നെല്ല് സംഭരിക്കേണ്ടതെങ്കിലും ഇവരുടെ മെല്ലപ്പോക്ക് കാരണം ഇടനിലക്കാർ രംഗത്തെത്തി. കിലോഗ്രാമിന് 25.20 രൂപ സപ്ലൈകോ നെല്ലിന്റെ വില നിശ്ചയിച്ചിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്നതിനു മുന്പായി നെല്ല് പാടത്തുനിന്നു നീക്കണമെന്നതിനാൽ കർഷകരോടു വിലപേശാൻ ഇടനിലക്കാർ ധാരാളം എത്തിയിട്ടുണ്ട്. വില കുറയ്ക്കാൻ കർഷകർ തയാറാകുന്നില്ലെങ്കിൽ പാടശേഖരത്തു നെല്ല് കെട്ടിക്കിടക്കും. സപ്ലൈകോ സംവിധാനങ്ങൾ ഉപയോഗിച്ച് വേഗത്തിൽ നെല്ല് ഏറ്റെടുക്കാനും കഴിയുന്നില്ല.
കുളനട വെട്ടുവേലി പാടശേഖരത്തിൽ നല്ല വിളവോടെ 18 ഏക്കറിലെ കൃഷിയും വിളവെടുപ്പിനു പാകമായിരുന്നു. കൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തിലായി. ഇതോടെ മൂന്നുദിവസമായി മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് കൊയ്ത്ത് യന്ത്രം ഇറക്കാനുള്ള ശ്രമമാണ്. ഇതിനിടെ വീണ്ടും മഴ പെയ്യുന്നത് കൊയ്ത്തിനെ സാരമായി ബാധിക്കും.