പത്തനംതിട്ട: വേനൽ ചൂട് കനത്തതോടെ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജലസ്രോതസുകൾ വറ്റിവരണ്ടു. പല പ്രദേശങ്ങളിലും കടുത്ത ചൂടിൽ കൃഷിയിടങ്ങൾ ഉണങ്ങി കരിഞ്ഞു. വാഴയും മരച്ചീനി കൃഷി ചെയ്തവരെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ചൂട് കനത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും നിലവിലുണ്ടായിരുന്ന ജലസ്രോതസുകൾ വറ്റിവരണ്ട സ്ഥിതിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലുൾപ്പെടെ ജലക്ഷാമം ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട നഗരപ്രദേശത്തോടു ചേർന്നു തന്നെ പലയിടങ്ങളിലും നാട്ടുകാർ വെള്ളം പണം കൊടുത്ത് വാങ്ങുകയാണ്. മലയാലപ്പുഴ, വെട്ടൂർ ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമല്ലാതായി. നദീതീര ഗ്രാമങ്ങളിലും ജലക്ഷാമം അതിരൂക്ഷമായിട്ടുണ്ട്. നദിയിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ച് തീരപ്രദേശങ്ങളിലെ കിണറുകൾ വറ്റുന്ന കാഴ്ചയാണുള്ളത്. കൃഷിയിടങ്ങളിലേക്ക് ആവശ്യാനുസരണം ജലമെത്തിക്കാൻ കർഷകർക്ക് സാധിക്കാത്തതുമൂലമാണ് വളർച്ച പകുതിയെത്തിയതും കുലച്ചതുമായ വാഴകൃഷിക്ക് ചൂട് പ്രതികൂലമായി മാറിയത്.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് പല പ്രദേശങ്ങളിലായി കർഷകർ നേരിടുന്നത്. വേനൽ ചൂടിന്റെ രൂക്ഷത ബോധ്യമായതോടെ റബർ കർഷകരും ടാപ്പിംഗ് നിർത്തിയിട്ടുണ്ട്. വില തകർച്ച നേരിടുന്നതിനിടെയിലും ഇടത്തരം കർഷകർക്ക് റബർ ടാപ്പിംഗ് ഒരു ആശ്വാസമായിരുന്നു. കർഷകരെയും തൊഴിലാളികളെയും ഒരേപോലെയാണ് ഇത് ബാധിക്കുന്നത്. വള്ളിക്കോട്, വാഴമുട്ടം, കൂടൽ, കലഞ്ഞൂർ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
പലപ്രദേശങ്ങളിലും നാട്ടുകാർ സംഘടിച്ച് ജല അഥോറിറ്റി ഓഫീസുകളിൽ പ്രതിഷേധം ഉയർത്തുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്. സ്ഥിരമായി ജലം എത്തിക്കാൻ ജലക്ഷേമ വകുപ്പിനു സാധിക്കാത്തതാണ് പ്രധാന പ്രശ്നം. പഴക്കം ചെന്ന മോട്ടോറുകളും കാലഹരണം ചെയ്യപ്പെട്ട പൈപ്പുകളുമാണ് ജലവിതരണത്തെ ഏറ്റവുമധികമായി പ്രതികൂലമായി ബാധിക്കുന്നത്. വേനൽ ചൂടിന്റെ ആരംഭത്തിൽ തന്നെ ഇത്രയധികം ജലക്ഷാമം നേരിടുന്നത് ഇതാദ്യമാണെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ.
ജില്ലാ ആസ്ഥാനം ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും 36 ഡിഗ്രി സെഷ്യൽസ് വരെ ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം വർധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജലക്ഷാമം നേരിടാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും കാര്യക്ഷമമായ പദ്ധതികളൊന്നും തന്നെ നടപ്പാക്കിയിട്ടില്ല. ഉയർന്ന പ്രദേശങ്ങളിലുള്ളവർ നിലവിൽ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് ആവശ്യാനുസരണം വെള്ളമെത്തിക്കുന്നത്.
ജലക്ഷാമം രൂക്ഷമാകുന്നത് പകർച്ചവ്യാധികൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നദികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിൽ ജനങ്ങളുടെ പ്രാഥമികാവശ്യങ്ങൾക്കു പുറമെ വളർത്തുമൃഗങ്ങളെയും മറ്റും കുളിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. ഇതാകട്ടെ രോഗ സാധ്യത ഉയർത്തുമെന്നാണ് ആരോഗ്യ അധികൃതർ പറയുന്നത്. കർഷകരുടെ പ്രശ്നങ്ങളും ജനങ്ങളുടെ കുടിവെള്ള ക്ഷാമവും പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെടാത്തതിലും ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.