പത്തനംതിട്ട: അവധിക്കാലം ആഘോഷമാക്കി കുട്ടികളുടെ വേനൽക്കുളികൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. നദിയിലുടനീളം അപകടക്കുഴികളാണ്. മണൽവാരൽ മൂലമുണ്ടായ ചെളിക്കുഴികളും നദിയുടെ സ്വാഭാവിക നീരൊഴുക്കിലുണ്ടായ മാറ്റവും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണ്. ഇതു പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ വേനൽച്ചൂടിന് ആശ്വാസമേകി നദിയിലേക്ക് ചാടുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്.
പന്പ, മണിമല, അച്ചൻകോവിൽ നദികളിൽ നീരൊഴുക്ക് കുറവാണ്. കെട്ടിക്കിടക്കുന്ന വെള്ളം പലപ്പോഴും അപകടത്തിലേക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മണൽക്കുഴികളിലും ചെളിക്കുണ്ടുകളിലുമാണ് വെള്ളം കെട്ടി നിൽക്കുന്നത്. ഇതിലേക്ക് ഇറങ്ങുന്നവർ അപകടത്തിലേക്കാണ് ചെന്നു ചാടുന്നത്. നദിയുടെ ഗതി മനസിലാക്കാതെ ഇറങ്ങുന്നവർ അപകടങ്ങളിലേക്കാണ് ചെന്നു ചാടുന്നത്. ഇത്തരത്തിലുള്ള നിരവധി അപകടങ്ങൾ കഴിഞ്ഞയിടെ ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ടായി.
നദിയിലെ നീരൊഴുക്കിന്റെ ഗതി മാറിയതോടെ പ്രദേശവാസികൾ പോലും ഭയന്നാണ് കുളിക്കാനും മറ്റും നദിയിലേക്ക് ഇറങ്ങുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന കുളിക്കടവുകളിലൊഴികെ അപകടസാധ്യത ഏറെയാണ്. പലയിടത്തും നദിയിൽ മണൽ മാറി ചെളിക്കുണ്ടുകളാണ്. ചെളിക്കുണ്ടുകളിൽ കാൽചവിട്ടിയാൽ അപകടത്തിലേക്കാണ് ചെന്നു വീഴുന്നത്. ചെളിയിൽ കാൽപുതഞ്ഞ് അപകടങ്ങൾ പതിവാകുകയാണ്. പന്പാനദിയിലാണ് ഇത്തരം അപകടക്കെണികളേറെയുള്ളത്.
അവധിക്കാലത്തു സുഹൃത്തുക്കൾക്കൊപ്പം നദികളിൽ കുളിക്കാനിറങ്ങുന്ന കുട്ടികളാണ ്പലയിടത്തും അപകടത്തിൽപെടുന്നത്.കരയിൽ നിന്ന് വീക്ഷിക്കുന്പോൾ നദി ശാന്തവും ജലമൊഴുക്ക്് സുഗമവുമാണെന്ന് തോന്നുമെങ്കിലും പലപ്പോഴും അപകടങ്ങൾ പതിയിരിക്കുകയാണെന്നാണ് അനുഭവങ്ങൾ. നീന്തൽ വശമുള്ളവർക്കുപോലും രക്ഷപെടാനാകാത്ത വിധം കുഴികളിൽ പതിക്കേണ്ടിവരുന്നു. കൽക്കെട്ടുകൾ നിറഞ്ഞുകിടക്കുന്ന ഭാഗങ്ങളും അപായ സൂചന നൽകുന്നു.
കൽക്കെട്ടുകളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതു കണ്ട് ഇറങ്ങുന്നവരിൽ പലരും അപകടസാധ്യത മനസിലാക്കാതെ ചാടുന്നതിലൂടെ ജീവൻ തന്നെ നഷ്ടപ്പെടുത്തുന്നു.പാറ പൊട്ടിച്ച കുളങ്ങൾ, ഇഷ്ടികക്കളങ്ങൾ എന്നിവിടങ്ങളിലെ വെള്ളക്കെട്ടുകളിൽ കുളിക്കാനിറങ്ങുന്നവർക്കും ഭീഷണി ഏറെയാണ്. ഇത്തരത്തിലുള്ള നിരവധി വെള്ളക്കെട്ടുകൾ പല ഭാഗങ്ങളിലുമുണ്ട്. ഇവിടങ്ങളിൽ കുളിക്കാനും മറ്റും പുറമേ നിന്ന് ആളുകളെത്തുന്പോൾ പ്രദേശവാസികളുടെ മനസിൽ തീയാണ്.
പാറമടകളിലെ വെള്ളക്കെട്ടുകളിൽ തെളിനീര് കാണാമെങ്കിലും അപകട സാധ്യത ഏറെയാണ്. നീന്തൽ വശമുള്ളവർപോലും ഇത്തരം വെള്ളക്കെട്ടുകളിൽ അപകടത്തിൽപെടുന്നത് പതിവായി. ഉപേക്ഷിക്കപ്പെട്ട ഇഷ്ടികക്കളങ്ങൾ ഏറെയും കല്ലടയാറിന്റെ തീരങ്ങളിലാണ്. പുഴയുടെ തീരത്തുനിന്ന് 25 അടിയിലേറെ ആഴത്തിൽ കളിമണ് ശേഖരിച്ച കുഴികൾ അപകടക്കെണികളായി മാറിയിരിക്കുകയാണ്.
ഇത്തരത്തിലുള്ള മിക്ക കുഴികളും ആറ്റിലേക്ക് തുറക്കുന്നതിനാൽ ആറ്റിൽ ജലനിരപ്പുയരുന്പോൾ ഉപേക്ഷിക്കപ്പെട്ട ഇഷ്ടികകളങ്ങളിലേക്കു വെള്ളം ഇരച്ചുകയറുന്നു. പിന്നെ കുഴികളും പുരയിടവും തിരിച്ചറിയാനാകാത്ത സ്ഥിതിയുണ്ടാകും. എന്നാൽ വേനൽക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്പോൾ കുളിക്കാനും മറ്റുമായി ഈ കളങ്ങളിലേക്ക് കാലെടുത്തുവച്ചാൽ അപകടത്തിൽപെടുമെന്നും ഉറപ്പ്.