തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ദിവസം 21 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ 30 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
താലൂക്ക് കണ്ട്രോൾ റൂമുകൾ പ്രവർത്തനമാരംഭിക്കാനും അവശ്യ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരി ക്കാനും കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രിയിൽ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം.
ബീച്ചുകളിൽ വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുക, പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്, മലയോര മേഖല യിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ നിർത്തരുത്, മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത് തുടങ്ങിയ നടപടികൾ സ്വീകരിക്കാനും കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.