കോട്ടയം: വേനൽ മഴ ശക്തിപ്രാപിച്ചതോടെ ആറ്റിലും തോടുകളിലും മീൻപിടിത്തം സജീവമായി. കഴിഞ്ഞ ദിവസം കിഴക്കൻവെള്ളം കുതിച്ചെത്തി തോടുകളിലെ ജലനിരപ്പ് ഉയർന്നതോടെയാണ് മീൻ പിടിത്തത്തിന് തുടക്കമായത്. ആദ്യമഴയോടൊപ്പം എത്താറുള്ള മീൻ തള്ളൽ ഉണ്ടായിരുന്നില്ലെങ്കിലും പിടിക്കാനിറങ്ങിയവർക്കെല്ലാം ധാരാളം മീൻ കിട്ടി.
പരൽ, പുല്ലൻ എന്നീ മീനുകളാണ് ധാരാളമായി കിട്ടിയത്. ഉടക്കുവലകളും കോരു വലകളും വീശുവലകളുമായാണ് നാട്ടുകാർ മീൻ പിടിക്കാനായി രംഗത്തിറങ്ങിയത്. വെള്ളപ്പാച്ചിലിൽ മീൻ കുതിച്ചോടി ഉടക്കുവലകളിൽ കുടുങ്ങും. അങ്ങനെയാണ് മീൻ പിടിക്കുന്നത്.
മീനച്ചിലാറ്റിലും കൈവഴികളിലുമെല്ലാം മീൻപിടിത്തക്കാർ സജീവമായിരുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുകയാണ്. വറ്റിക്കിടന്ന പല തോടുകളിലും വെള്ളം കയറി.
എലിപ്പുലിക്കാട്, കൊല്ലാട് എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകൾ നിന്ന് വല വീശി മീൻ പിടിക്കുന്നത് വെള്ളപ്പൊക്ക കാലത്തെ പതിവ് കാഴ്ചകളാണ്. മീൻപിടിത്തക്കാരേക്കാൾ കൂടുതൽ കാഴ്ചക്കാരാണ്. ഒരേ താളത്തിൽ വല വീശുന്നതും വല വലിക്കുന്നതുമൊക്കെ ഇനിയങ്ങോട്ട് കൗതുകം പകരുന്ന കാഴ്ചകളാണ്.