നെന്മാറ: ഇടവിട്ട വേനൽ മഴ സജീവമായതോടെ ഒന്നാം വിള നെൽകൃഷിയ്ക്കായി കർഷകർ നിലമൊരുക്കി തുടങ്ങി. കൊയ്ത്ത് കഴിഞ്ഞതോടെ ഇടവിട്ട് മഴ പെയ്തതോടെ നെൽപ്പാടങ്ങളിൽ ഈർപ്പം ഉണ്ടായിരുന്നു. പിന്നീട് വേനൽ മഴ സജീവമായതോടെയാണ് കർഷകർ ഒന്നാം വിള നെൽകൃഷിയ്ക്ക് നിലമൊരുക്കൽ തകൃതിയായത്.
രണ്ടാം വിള നെൽകൃഷിയിൽ കൊയ്ത്തിനിടയിൽ വീണ നെൽമണികളും, കളകളും മുളച്ചുപൊന്താനും മണ്ണിനടിയിൽ ഈർപ്പം നിലനിൽക്കാനും ഇപ്പോൾ ഉഴുതു മറിക്കുന്നതിലൂടെ കഴിയും. ചില കർഷകർ ഉഴുതു മറിക്കുന്നതിനോടൊപ്പം മണ്ണിന്റെ രാസഘടനയിൽ മാറ്റം വരുത്തുന്നതിനായി ചുണ്ണാന്പും, കാലിവളവും ഇട്ടുകൊടുത്താണ് ഉഴുതു മറിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ തന്നെയായി വേനൽ മഴ ലഭിച്ചാൽ ഉടൻ ഒന്നാം വിള നെൽകൃഷിയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അനുയോജ്യമായ കാലാവസ്ഥയാണെങ്കിൽ പൊടിയിൽ വിതയ്ക്കുവാനാണ് ഏറിയ പങ്കും കർഷകർ തയ്യാറായിരിയ്ക്കുന്നത്.