സ്വന്തംലേഖകന്‍
കോഴിക്കോട്: വേങ്ങേരിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസില്‍ 30 പേരുടെ വിരലടയാളം ശേഖരിച്ചു. സമീപത്തെ കെട്ടിടത്തിന്റെ നിര്‍മാണത്തിനെത്തിയ ബംഗാളികളുടേയും സമീപവാസികളുടേയും ഉള്‍പ്പെടെ വിരലടയാളമാണ് ഇന്നലെ ശേഖരിച്ചത്. കഴിഞ്ഞ ദിവസം ഇതരദേശതൊഴിലാളികളോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയുന്നു.
അതിനാല്‍ തൊഴിലാളികളാരും നാട്ടിലേക്ക് പോയിരുന്നില്ലെന്നും ടിക്കറ്റ് എടുത്തവര്‍ അത് റദ്ദാക്കിയാണ് സ്റ്റേഷനില്‍ ഹാജരായതെന്നും പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ധര്‍ കവര്‍ച്ച നടന്ന വീടിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. രണ്ടു വിരലടയാളം ഇവര്‍ക്ക് ലഭിച്ചതായാണ് അറിയുന്നത്. ഈ വിരലടയാളവുമായി യോജിക്കുന്നവ കണ്ടെത്താനാണ് പോലീസ് സ്റ്റേഷനില്‍ ബംഗാളികളുടേയും സമീപവാസികളുടേയും ഉള്‍പ്പെടെ വിരലടയാളം ശേഖരിക്കുന്നത്.
കൂടാതെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലുള്ള സ്ഥിരം കുറ്റവാളികളുടെതുമായും ഇവ താരതമ്യം ചെയ്യും. ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്ഥിരം കുറ്റവാളികളായ രണ്ടുപേര്‍ ജയിലിലാണുള്ളത്. അതിനാല്‍ പുറത്തു നിന്നുള്ളവരായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
കോഴിക്കോട് നഗരത്തിലും പുറത്തുമായി കവര്‍ച്ചാകേസുകളില്‍ പ്രതികളായവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഡിസ്ട്രിക്ട് ക്രൈംറെക്കോര്‍ഡ് ബ്യൂറോ (ഡിസിആര്‍ബി)യെ സമീപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ചേവായൂര്‍ എസ്ഐ കെ.ബി.അബ്ദുള്‍ നാസര്‍ പറഞ്ഞു.
സമീപത്തെ വീടുകളിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും ബൈപാസിലെ കാമറയും പോലീസ് പരിശോധിച്ചുവരികയാണ്. രണ്ടു ദിവസം വീട് അടച്ചിട്ടതിനാല്‍ കവര്‍ച്ച നടന്നത് ഏത് ദിവസം എപ്പോഴാണെന്നത് അവ്യക്തമാണ്. അതിനാല്‍ മൊബൈല്‍ ടവര്ഡംബ് പരിശോധനയ്ക്ക് കാലതാമസം നേരിടുമെന്നാണ് പോലീസ് കരുതുന്നത്.
വേങ്ങേരി മരക്കാട്ട്പറമ്പത്ത് ശശിധരന്റെ വീട്ടില്‍ നിന്നാണ് 42 പവന് സ്വര്‍ണാഭരണവും 10,000 രൂപയും കവര്‍ന്നത്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ശശിധരനും കുടുംബവും എറണാകുളത്തേക്ക് പോയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിറകിലെ വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. പകല്‍ സമയത്തായിരിക്കാം മോഷണമെന്നാണ് പോലീസ് സംശയിക്കുന്നത്.