ഗുരുവായൂർ: ഫ്ലാറ്റിൽ അവശനിലയിൽ ഉറുന്പരിച്ചു കിടന്നിരുന്ന വയോധികരായ സഹോദരിമാരെ പോലീസും നഗരസഭ ആരോഗ്യവിഭാഗവും ചേർന്ന് ആശുപത്രിയിലാക്കി. ദി
വസങ്ങളായി പട്ടിണി കിടന്നു വിസർജ മാലിന്യത്തിൽ കിടക്കുകയായിരുന്ന ഇരുവർക്കും പോലീസിന്റെ കരുതൽ തുണയായി.കായംകുളം സ്വദേശികളായ രാജമ്മ(90)യും, സഹോദരി ഓമനയുമാണ് ടെന്പിൾ സിഐ സി. പ്രേമാനന്ദ കൃഷ്ണന്റെ കരുതലിൽ ആശുപത്രിയിലെത്തിച്ചത്.
ഇവർ കായംകുളത്തുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റാണ് വർഷങ്ങൾക്കു മുൻപു ഗുരുവായൂരിലെത്തിയത്. ദിവസവും രണ്ടു നേരം ഗുരുവായൂരപ്പനെ തൊഴുന്നതിനായാണ് ഇവർ ഗുരുവായൂരിൽ താമസമാക്കിയത്.
ഏതാനും ആഴ്ചകളായി ഇവർക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. അവശനിലയിലാതിനെ തുടർന്നു തൊട്ടടുത്തു താമസിക്കുന്നവരാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. രാജമ്മയുടെ കാലിൽ ഉറുന്പരിച്ചു വൃണമായ നിലയിലായിരുന്നു.
പാലിയേറ്റീവ് പ്രവർത്തകർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നു ടെന്പിൾ സിഐ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് ഫ്ളാറ്റിലെത്തി.
ഏറെ അവശനിലയിലായിരുന്നു രാജമ്മ. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ടെന്പിൾ പോലീസും ചേർന്നു മുറി മുഴുവൻ വൃത്തിയാക്കി ഇരുവരേയും കുളിപ്പിച്ചു ചാവക്കാട് താലൂക്ക് ആശുത്രിയിലെത്തിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രിയധികൃതർ അറിയിച്ചു.
അടുത്ത ദിവസത്തേക്കുള്ള ഭക്ഷണത്തിനാവശ്യമായ തുകയും പോലീസ് നൽകി. സി.ഐ സി. പ്രേമാനന്ദ കൃഷ്ണൻ ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.