കാട്ടാക്കട : ശുചിമുറിയിൽ കഴിയുന്ന കിടപ്പുരോഗിയായ വയോധിക ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിന് പോലീസ് സഹായം വേണമെന്നാവശ്യപ്പെട്ട് വിളവൂർക്കൽ പഞ്ചായത്ത്.
വിളവൂർക്കൽ പുതുവീട്ടുമേലെ വാർഡിൽ വാളിയോട്ടുകോണം പോങ്ങുവിള ലില്ലികോട്ടേജിൽ ലളിതഭാഗ്യം(78) ന്റെ തുടർപരിചരണത്തിന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനാണ് പഞ്ചായത്ത് അധികൃതർ പോലീസിന്റെ സഹായം തേടിയത്.
സംരക്ഷണത്തിന് ആരുമില്ലാതെസഹോദരിയുടെ കുടുംബത്തോടൊപ്പമാണിവർ കഴിയുന്നത്. സഹോദരി ലില്ലിനിർമ്മലയും രണ്ട് ആൺമക്കളുമാണിവിടെ താമസിക്കുന്നത്.
അയൽക്കാരുമായി ഇവർക്ക് ബന്ധമില്ല. വിളവൂർക്കൽ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ കിടപ്പുരോഗികളുടെ പരിചരണത്തിനായി ഇവിടെ എത്താറുണ്ടെങ്കിലും വീടിനകത്ത് പ്രവേശിപ്പിക്കറില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ചൊവ്വാഴ്ച വാതിൽ തുറന്നിരുന്നതിനാൽ അവർ അകത്തുകയറി പരിശോധിച്ചു. അവശ നിലയിലായതിനാൽ ഡോക്ടറും ആംബുലൻസുമെത്തിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും പോകാനിവർ കൂട്ടാക്കിയില്ല. തുടർന്ന് പോലീസിന്റെ സഹായം തേടാൻ പഞ്ചായത്ത് തീരുമാനിച്ചത്.