കാഞ്ഞങ്ങാട്: അഭിഭാഷകന്റെ വീട്ടിൽ ഇരുട്ടറയിൽ അടിച്ചിട്ടിരുന്ന വയോധികയായ അമ്മയെ ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് മറ്റൊരു മകന്റെ വീട്ടിലെത്തിച്ചു.
കാഞ്ഞങ്ങാട് നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡരികിൽ ദീപ്തി തീയറ്ററിനു പിൻഭാഗത്ത് താമസിക്കുന്ന ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ എം. അബ്ദുൾ റഹിമാന്റെ വീട്ടിൽനിന്നാണ് 85 വയസുള്ള മറിയുമ്മയെ ജില്ലാ കളക്ടർ കെ. ജീവൻ ബാബുവിന്റെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ആർഡിഒ ഡോ. പി.കെ. ജയശ്രീയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ, പോലീസ്, ഡോക്ടർ എന്നിവരുടെ സഹായത്തോടെ മാറ്റിയത്. മറിയുമ്മയ്ക്ക് സംരക്ഷണം നൽകാത്ത അഭിഭാഷകനടക്കമുള്ള മക്കൾക്ക് നേരത്തെ ആർഡിഒ അന്ത്യശാസനം നല്കിയിരുന്നു.
ആർഡിഒയും സംഘവും എത്തിയപ്പോഴേക്കും വീട് പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പൂട്ടു പൊളിച്ച് അകത്തുകടന്നപ്പോൾ ഇരുട്ടത്ത് തറയിൽ വെറും പായയിൽ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു വയോധിക. ഭക്ഷണം കഴിച്ച് തീരുന്നതുവരെ ആർഡിഒയും സംഘവും ഇവരെ നിരീക്ഷിച്ചു.
ഇതിനിടയിൽ മൂത്ത മകന്റെ വീട്ടിൽ പോകാമെന്നും ആശുപത്രിയിൽ പോകാമെന്നും പറഞ്ഞ് അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. തനിക്ക് ഒരു അസുഖവുമില്ലെന്നും താൻ ഇവിടെത്തന്നെ കഴിയുമെന്നുമായിരുന്നു മറുപടി.
എന്നാൽ എഴുന്നേറ്റിരിക്കാൻ പോലും കെൽപ്പില്ലാത്ത വയോധികയെ അവിടെനിന്നു മാറ്റണമെന്ന് കളക്ടർ നിർദേശിച്ചു. പഴയ വീടിനു തൊട്ടുകിടക്കുന്ന പുതിയ കോണ്ക്രീറ്റ് കെട്ടിടത്തിലാണ് അഭിഭാഷകനായ മകന്റെ താമസം. ആർഡിഒയും സംഘവും സ്ഥലത്തെത്തിയതറിഞ്ഞ് അഭിഭാഷകൻ വീട്ടിലെത്തിയിരുന്നു.
ഉമ്മയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് ഹൊസ്ദുർഗ് ഇസത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളാണ് അധികൃതർക്ക് പരാതി നല്കിയത്. ഇതേത്തുടർന്ന് അധികൃതർ വീട്ടിലെത്തിയപ്പോൾ വയോധികയുടെ സ്ഥിതി അതീവ ദയനീയമാണെന്നു ബോധ്യപ്പെട്ടു.
തറയിൽ പുല്ലുപായയിൽ തണുപ്പകറ്റാൻ പോലും തുണിയില്ലാതെയായിരുന്നു കിടപ്പ്. മുറിയാകെ ദുർഗന്ധം വമിച്ചിരുന്നു. ഇക്കാര്യം ആർഡിഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തു. ഇതിനുശേഷമാണ് അവരെ പരിചരിക്കാൻ തയാറുള്ള മറ്റേതെങ്കിലും മക്കളുടെ അടുത്തെത്തിക്കാൻ കളക്ടർ ഉത്തരവിട്ടത്. ഇതേത്തുടർന്ന് ആംബുലൻസിൽ പടന്നക്കാടുള്ള മകൻ അബ്ദുൾ റസാഖിന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
അഭിഭാഷകനടക്കം അഞ്ച് ആണ്മക്കളാണ് അവർക്കുള്ളത്. ശനിയാഴ്ചയ്ക്കുള്ളിൽ മക്കളിലൊരാൾ മറിയുമ്മയെ സുരക്ഷിതമായി പാർപ്പിക്കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും ആർഡിഒ പി.കെ. ജയശ്രീ ഉത്തരവിട്ടിരുന്നു.