പിറവം: ടൗണ് മധ്യത്തിൽ വയോധികൻ കല്ലിനിടിയേറ്റു മരിച്ചനിലയിൽ. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പാർപ്പാംകോട് കണ്ടംകരിക്കൽ നാരായണൻകുട്ടി (70)ആണ് മരിച്ചത്. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രധാന റോഡിൽ നിന്നും 25 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്ത് ചോര പുരണ്ടനിലയിൽ സിമന്റ് ഇഷ്ടികകൾ കിടക്കുന്നുണ്ടായിരുന്നു. ഇഷ്ടിക ഉപയോഗിച്ച് തലയ്ക്ക് ഇടിച്ചു കൊന്നതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന്റെ സമീപത്ത് രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അർധരാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് അനുമാനിക്കുന്നു. നഗരസഭയുടെ കീഴിലുള്ള കോംപ്ലക്സിൽ മജിസ്ട്രേറ്റ് കോടതിയും ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയും പൊതു മാർക്കറ്റും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
കൊല്ലപ്പെട്ടയാൾ ഇന്നലെ വൈകുന്നേരം മുതൽ മദ്യപിച്ച് ഇതുവഴി നടക്കുന്നുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാത്രി ഒന്പതോടെ കോംപ്ലക്സിൽ അടഞ്ഞുകിടന്നിരുന്ന കടയുടെ ഷട്ടറിനോട് ചേർന്ന് കിടന്നുറങ്ങിയിരുന്നതായും പറയപ്പെടുന്നു. ഇയാളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നതായും സൂചനയുണ്ട്.
മദ്യശാല അടയ്ക്കുന്ന സമയമായ രാത്രി ഒന്പതുവരെ ഈ ഭാഗത്ത് നല്ല തിരക്കാണ്. പത്തോടെ ഈ ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം പൂട്ടുകയും ചെയ്യും. ഇതിന് ശേഷം ഇവിടം വിജനമാണ്. പിറവം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സിസി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വെച്ചിട്ടില്ല. സമീപത്തെ ചില വ്യാപാര സ്ഥാപനങ്ങളിലുണ്ടെങ്കിലും, കട പൂട്ടിക്കഴിഞ്ഞാൽ ഇത് ഓഫാക്കുമെന്ന് പറയുന്നു.
മൃതദേഹം കിടന്നിരുന്നതിന്റെ സമീപത്തുണ്ടായിരുന്ന ലോട്ടറി വിൽപ്പനയ്ക്കായി വച്ചിരുന്ന തട്ടുകൾ മറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇവിടെ മൽപ്പിടിത്തും നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പിറവം സിഐ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്
ഒരാൾ നിരീക്ഷണത്തിൽ
പിറവം: പിറവത്തെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാൾ പോലീസ് പിടിയിൽ. പാഴൂർ സ്വദേശി ജിത്തു (19) ആണ് പോലീസിന്റെ നിരീക്ഷണത്തിലുള്ളത്.ഇന്ന് പുലർച്ചെ ഒന്നോടെയാണ് ജിത്തുവിനെ കസ്റ്റഡിയിലെടുത്തത്. ത്രീറോഡ് ജംഗ്ഷന് സമീപം മറ്റൊരാളുമായി വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് സോഡാ കുപ്പിക്ക് കുത്തിപ്പരിക്കേൽപ്പിച്ചതിനുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
സാരമായി പരിക്കേറ്റ ജോസിനെ (59) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോഷണമടക്കം നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ജിത്തുവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.
.