അന്തിക്കാട്: സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി വയോജന ക്ഷേമവകുപ്പ് രൂപീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. വയോജനങ്ങൾ ഇന്ന് അവഗണിക്കപ്പെട്ടുകിടക്കുകയാണ്. നമ്മുടെ ബജറ്റിൽ വയോജനങ്ങളുടെ ക്ഷേമ പരിപാടികൾക്കായി ഫണ്ട് നീക്കിവയ്ക്കണമെന്നും വയോജനങ്ങളെ കുറിച്ചുള്ള സമഗ്ര സർവേ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഗ്രൗണ്ടിനടുത്ത് നിർമിച്ച തണൽ വീട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടുത്ത 20 വർഷത്തിനുള്ളിൽ വയോജനങ്ങളുടെ എണ്ണം 20 ശതമാനം വർധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയോജനങ്ങളുടെ നിരക്കും കേരളത്തിലെ ആയുർനിരക്കും ഇന്ത്യയിലെ മറ്റു സ്ംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്.
വയോജനങ്ങൾക്കുവേണ്ടി ആദ്യമായി പെൻഷൻ നൽകിയത് 1980ലെ എൽഡിഎഫ് സർക്കാരാണ്. 60 വയസ് കഴിഞ്ഞ എല്ലാ കർഷക തൊഴിലാളികൾക്കും അന്ന് പെൻഷൻ നൽകി തുടങ്ങി. അന്ന് എതിർത്തവരെല്ലാം ഇപ്പോൾ ഇതിനോടൊപ്പമാണ്. 60 വയസ് കഴിഞ്ഞവരെ വയോജനങ്ങളായി കാണുന്നതിൽ വലിയ അർഥമില്ല. 60 വയസ് കഴിഞ്ഞവർ നാട്ടിൽ ചുറുചുറുക്കോടെ കഴിയുന്നത് എല്ലാവർക്കും കാണാം. ഒന്നും ചെയ്യാൻ കഴിയാത്ത അവശരെയാണ് വയോജനങ്ങളായി കാണേണ്ടതെന്നും വി.എസ്.പറഞ്ഞു.
ഗീത ഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു. തണൽ വീട് നിർമിച്ച കരാറുകാരനായ വാഴപ്പിള്ളി അനിയെ വി.എസ്.അച്യുതാനന്ദൻ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവൽസൻ അച്യുതാനന്ദന് സമർപ്പിച്ചു.
ജനപ്രതിനിധികളായ പി.സി.ശ്രീദേവി, ജ്യോതി രാമൻ, മേനുജ പ്രതാപൻ, വി.എ.ദിവാകരൻ, വിവിധ സംഘടനാ നേതാക്കളായ ഷിബു കൊല്ലാറ, വി.കെ.മോഹനൻ, സുബിൻ കാരമാക്കൽ, ടി.ഐ.ചാക്കോ, മണി ശശി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവൽസൻ സ്വാഗതവും സെക്രട്ടറി പി.ജി.വസന്ത്കുമാർ നന്ദിയും പറഞ്ഞു.