ചെറായി: കുടുംബവഴക്കിനെതുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ അസ്വസ്ഥനായ ഭർത്താവിന്റെ മൃതദേഹം വീടിനടുത്ത തോട്ടിൽ കണ്ടെത്തി. പള്ളിപ്പുറം കോവിലകത്തുംകടവിൽ തണ്ടാശേരി ശിവന്റെ മകൻ അഭിലാഷ് (28) ഭാര്യ മാല്യങ്കര സ്വദേശി കൃഷ്ണപ്രിയ (24) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിൽ കലഹിച്ചതിനെ തുടർന്നു കൃഷ്ണപ്രിയ കിടപ്പുമുറി അടച്ച് കുറ്റിയിട്ടശേഷം ഫാനിന്റെ ഹുക്കിൽ തുങ്ങിമരിക്കുകയായിരുന്നു.
ഇതു കണ്ട വീട്ടുകാരും അഭിലാഷും ബഹളം കൂട്ടി വാതിൽ പൊളിച്ച് അകത്തെത്തിയെങ്കിലും ആൾ മരിച്ചിരുന്നു. ഇതേ തുടർന്ന് അസ്വസ്ഥനായ അഭിലാഷ് വീടിനടുത്തുള്ള ചാഞ്ഞുകിടക്കുന്ന തെങ്ങിൽ കയർ ഉപയോഗിച്ച് തൂങ്ങിയെങ്കിലും മരണവെപ്രാളത്തിൽ കയർ പൊട്ടി തോട്ടിലേക്ക് വീഴുകയും മരണപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
മുനന്പം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം നടക്കും.