മംഗലംഡാം: കാട്ടുചോലയ്ക്ക് കുറുകേയുള്ള മരപ്പാലം സമീപത്തെ മരംവീണ് തകർന്നതോടെ ഹൃദ്രോഗിയായ വേശുഅമ്മയുടെ ദുരിതം പിന്നേയും കൂടി. ഏതാവശ്യത്തിനും തോടുകടന്ന് ഡാമിലെത്തേണ്ട ഇവർക്ക് പാലമില്ലാത്തത് വലിയ കഷ്ടപ്പാടാണ്. മഴക്കാലത്ത് വേശുഅമ്മ ഉൾപ്പെടെയുള്ള ഇവിടത്തെ പതിനൊന്നു വീട്ടുകാർ ഇവിടെ ഒറ്റപ്പെടും. മംഗലംഡാമിൽനിന്നും 12 കിലോമീറ്റർ മാറി മലമുകളിലുള്ള മണ്ണെണ്ണക്കയത്തെ താമസക്കാരുടെ ദുരിതകാഴ്ചകളിൽ ഒന്നുമാത്രമാണിത്.
ഏതാനും മാസങ്ങൾക്കുമുന്പാണ് വേശുഅമ്മയുടെ ഭർത്താവ് വേലായുധൻ മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. രാത്രി നെഞ്ചുവേദനയെ തുടർന്നു വാഹനംകിട്ടി വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ വേലായുധൻ രക്ഷപ്പെടുമായിരുന്നു.
കസേരയിൽ ഇരുത്തി രണ്ടുപേർ തോളിലേറ്റിയാണ് അന്ന് വേലായുധനെ വാഹനമെത്തുന്ന വഴിയിലെത്തിച്ചത്. യഥാസമയം ചികിത്സ കിട്ടാതെ മരണമടയുന്ന സംഭവങ്ങളും ഇവിടെ കുറവല്ല. സ്വകാര്യമേഖലയിൽപോലും മംഗലം ഡാമിലോ വടക്കഞ്ചേരിയിലോ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാൽ മലയോരമേഖലയിലുള്ളവർക്ക് ഏകാശ്രയം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയാണ്.
രണ്ടുവർഷംമുന്പ് മണ്ണെണ്ണക്കയത്ത് കാട്ടുചോലയിൽ തുണികഴുകുന്നതിനിടെ പൊടുനെ മലവെള്ളപ്പാച്ചിലുണ്ടായി വീട്ടമ്മ ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനംമൂലം ഏതുസമയവും മഴപെയ്യുന്ന പ്രദേശങ്ങളാണ് മണ്ണെണ്ണക്കയം.
മകൻ മണികണ്ഠനൊപ്പമാണ് വേശുഅമ്മ ഇപ്പോൾ താമസിക്കുന്നത്. ടാപ്പിംഗ് തൊഴിലെടുക്കുന്ന മകന്റെ വരുമാനംകൊണ്ടാണ് ഇവരുടെ ചികിത്സാചെലവും വീട്ടുചെലവുകളും കൂട്ടിമുട്ടിക്കുന്നത്.രോഗിയായ വേശുഅമ്മയെ മാസത്തിൽ മൂന്നുതവണയെങ്കിലും തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുപോകണം. ഏതുനിമിഷവും വീഴാമെന്ന നിലയിലുള്ളതാണ് വീട്.
മഴക്കാലത്ത് ചോർച്ച കനത്തപ്പോൾ ഓടുമേഞ്ഞ മേൽക്കൂര ഒന്നാകെ തുന്നിക്കെട്ടിയ ടാർപോളിൻ കൊണ്ടുമൂടി.
അരനൂറ്റാണ്ടിലേറെയായി ഇവിടത്തെ താമസക്കാരാണ് വേശുഅമ്മയുടെ കുടുംബം. എന്നാൽ കൈവശഭൂമിക്ക് ഇന്നും രേഖകളൊന്നുമില്ല. വനംവകുപ്പുതന്നെ തടസം. ഇതിനാൽ വൈദ്യുതി, വെളിച്ചം, ചികിത്സാ സൗകര്യങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ, യാത്രാസൗകര്യം എല്ലാം ഈ പ്രദേശത്തുകാർക്കും ഇന്നും അന്യമാണ്.
മുകളിലുള്ള മുൻഭാഗത്തെ റോഡുവരെ വൈദ്യുതിപോസ്റ്റ് വന്നിട്ടുണ്ടെങ്കിലും ലൈൻ വലിക്കൽ വനംവകുപ്പ് അനുവദിക്കുന്നില്ല. ഇവിടത്തെ പതിനൊന്നു വീട്ടുകാർക്കും ഇതുതന്നെയാണ് സ്ഥിതി.വനംവകുപ്പിന്റെ തടസംമൂലം മലയോരത്ത് വൈദ്യുതി മുടങ്ങരുതെന്ന് ഇവിടെയടുത്ത് കരിങ്കയത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ വനംവകുപ്പു മന്ത്രി രാജു പറഞ്ഞിരുന്നെങ്കിലും അതൊന്നും ഉദ്യോഗസ്ഥർ നടപ്പിലാക്കാൻ തയാറല്ലെന്നാണ് നാട്ടുകാർ പറയുന്നത്.