നൗഷാദ് മാങ്കാംകുഴി
കായംകുളം: കൗതുകത്തിനായി ഒരു വെറ്റിലച്ചെടിയുടെ തണ്ടു നട്ടതാണ്. ഇപ്പോൾ അത് വളർന്ന് പന്തലിച്ച് ഒരു കൃഷിയായി മാറി. എന്നാൽ ഈ വെറ്റിലകൾ വിൽക്കാറില്ല മറിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയാണ്. കായംകുളം ചിറക്കടവം ഗസൽ വീട്ടിൽ മാധ്യമ പ്രവർത്തനായ എ .എം. സത്താറിന്റെ വീട്ടിലാണ് കൊടും വേനലിലും വളർന്നു പന്തലിച്ചു നിൽക്കുന്ന വെറ്റില ചെടി കൗതുകം പകരുന്നു.
വെറ്റിലക്കിടയിലേക്ക് ഒരു കുരുമുളക് തണ്ടും കൂടി സത്താർ നട്ടു. അതും വെറ്റിലയുടെ ഇടയിൽ ഇപ്പോൾ വളർന്നു പന്തലിച്ചു. വേനൽക്കാലമായതിനാൽ വെറ്റിലക്ക് ഇപ്പോൾ നല്ല വിലയാണ്. പക്ഷേ വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് സൗജന്യമായി വെറ്റില പറിച്ചു നൽകുകയാണ് സത്താർ.
തുളസി ഇനത്തിലെ വെറ്റിലയാണിത്. അതിനാൽ സമീപത്തെ ക്ഷേത്രത്തിൽ പോകുന്ന നിരവധി ഭക്തരും ഇപ്പോൾ വെറ്റില തേടി വീട്ടിൽ വരാറുണ്ടെന്നും അവർക്ക് സൗജന്യമായി വെറ്റില നൽകുന്നുണ്ടെന്നും സത്താർ പറയുന്നു. വീടിന്റെ പിന്നിലെ ചുമരിലാണ് വെറ്റില വളർന്നു പന്തലിച്ചു നിൽക്കുന്നത്.
ദിവസേന ഒരു മണിക്കൂറോളം ഇവയ്ക്ക് വെള്ളം നനച്ചു നൽകുകയും പരിചരണം നൽകുകയും ചെയ്യുന്നുണ്ട്. സത്താറിനൊപ്പം ഭാര്യ സീനയും ഇപ്പോൾ വെറ്റില കൃഷിയെ പരിചരിക്കാൻ രംഗത്തുണ്ട് .