ന്യൂഡൽഹി: ഒമാനിലേക്കു പോയ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമിട്ടു തിരിച്ചുവരുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ വായു ശക്തമായി തിരിച്ചെത്തുമെന്നാണു മുന്നറിയിപ്പ്. ഈ മാസം 16, 17, 18 തീയതികളിലായി വായു തിരിച്ചെത്തിയേക്കാമെന്നു ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം. രാജീവൻ അറിയിച്ചു.
വായു ഗുജറാത്തിന് ഇനി ഭീഷണിയാകില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചുഴലിക്കാറ്റ് ഗതിമാറി തിരിച്ചെത്തുന്നത്. ശനിയാഴ്ച രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
13-ാം തീയതി വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഗുജറാത്ത് തീരം പിന്നിട്ടു വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണു നീങ്ങിയത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മാറിയതിനാൽ ഗുജറാത്തിൽ കാര്യമായ നാശനഷ്ടമുണ്ടായില്ല. എന്നാൽ കനത്ത മഴ ലഭിച്ചു. സംസ്ഥാനത്ത് രണ്ടു ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.
ഈ വർഷം ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത് ചുഴലിക്കാറ്റാണ് വായു. ഏപ്രിലിൽ ഒഡീഷ, ബംഗാൾ തീരങ്ങളിൽ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച് കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു.