കടുത്തുരുത്തി: കേട്ടുകേൾവി മാത്രമുണ്ടായിരുന്ന സ്വർണമുഖി വാഴ നാട്ടിലും വ്യാപിക്കുന്നു. കൂടിയ പ്രതിരോധ ശേഷിയും പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനുള്ള കഴിവും കനത്ത വിളവുമാണ് സ്വർണമുഖിയെ നാട്ടിലെ കർഷകർക്കും പ്രിയങ്കരിയാക്കിയത്. കടുത്തുരുത്തിക്ക് സമീപം പാലകരയിൽ പത്ത് ഏക്കർ പാട്ടത്തിനെടുത്ത് നാല് സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന കൃഷിയിലാണ് സ്വർണമുഖി പ്രധാനയിനമായത്. പത്ത് ഏക്കറിൽ വരുന്ന കൃഷിഭൂമിയിൽ ആയിരം ചുവട് സ്വർണമുഖിയാണ് നട്ടിരിക്കുന്നത്.
ഒരേക്കർ സ്ഥലത്ത് കപ്പയും 2500 ചുവട് ഏത്തവാഴയുമാണ് ഇവിടുത്തെ മറ്റു കൃഷികൾ. 83 രൂപയാണ് സ്വർണമുഖിയുടെ വിത്തിന് നൽകിയതെന്ന് ഇവർ പറഞ്ഞു. ഏത്തവാഴയുടെ നാടൻവിത്തിന് 15 രൂപ നൽകിയാൽ മതി. സ്വർണമുഖി വാഴയുടെ കുല നാട്ടിൻപുറത്ത് വാങ്ങില്ലെന്നും പുറത്തുള്ള മാർക്കറ്റുകളിലേ ഇവയ്ക്കു ഡിമാന്റുള്ളുവെന്നും കർഷകർ പറയുന്നു. സാധാരണ വാഴക്കുലയ്ക്കു 12 കിലോയോളമെ തൂക്കം ഉണ്ടാകുവെന്നും എന്നാൽ സ്വർണമുഖിയുടെ കുലയ്ക്കു 21 കിലോയോളം ശരാശരി തൂക്കം ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.
സാധാരണ വാഴയെ അപേക്ഷിച്ചു ഉയരം കൂടുതലുള്ള സ്വർണമുഖിയിൽ നിന്നും കുല വെട്ടണമെങ്കിൽ ഏണി വച്ചു വാഴയിൽ കേറണം. കൂടാതെ 13 മാസം കാത്തിരിക്കണം കുല വെട്ടാൻ. വാഴയ്ക്കായ്ക്കു മറ്റു കായ്കളെ അപേക്ഷിച്ചു വലിപ്പവും തൂക്കവും കൂടുതലാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. വേറേ ആറ് ഏക്കറിലും ഇവർ നാലുപേരും വാഴ കൃഷി ചെയ്തിട്ടുണ്ട്. മാളിയേക്കൽ കുര്യൻ ജോസഫ്, ആലപ്പുരം ഷാജി ജോസഫ്, മാമലശ്ശേരി ഗോപകുമാർ, കരുണാകരൻ എന്നിവരാണ് കൃഷി ചെയ്തിരിക്കുന്നത്.
പച്ചക്കറി കൃഷി ചെയ്യുന്നതിന് താൽപര്യമുണ്ടെങ്കിലും വെള്ളമില്ലാത്തതിനാൽ ഇതു ഉപേക്ഷിക്കുകയായിരുന്നുവെന്ന് കർഷകർ പറയുന്നു. വാഴ കൃഷിക്കും വെള്ളം പ്രശ്നമായെങ്കിലും പണ്ടുണ്ടായിരുന്നത് പിന്നീട് മൂടിയതുമായ കുളം ജെസിബി ഉപയോഗിച്ചു വീണ്ടും ശരിയാക്കിയെടുത്തു നാലുപേരും ചേർന്നു വെള്ളത്തിന്റെ പ്രതിസദ്ധി പരിഹരിക്കുകയായിരുന്നു. നീർച്ചാലുകളും കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തങ്ങളുടെ അനുഭവത്തിലൂടെ നാലുപേരും ചൂണ്ടികാണിക്കുന്നു.
വൈദ്യൂതി കണ്കഷൻ ഇല്ലാത്തതിനാൽ പെട്രോൾ ഉപയോഗിച്ചു മോട്ടോർ പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ വാഴ നനയ്ക്കുന്നതെന്നും ഇതുമൂലം ദിവസം അഞ്ഞൂറ് രൂപയോളം ചിലവ് വരുന്നതായും ഇവർ പറയുന്നു. കാർഷികാവശ്യത്തിനുള്ള വൈദ്യൂതി കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും താമസമുണ്ടാകുന്നത് കനത്ത സാന്പത്തിക ബാധ്യതയുണ്ടാക്കുന്നതായി കർഷകർ ചൂണ്ടികാണിക്കുന്നു. കൃഷി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും സഹായിക്കുമെന്നുമാണ് പറച്ചിലെങ്കിലും ഒന്നും ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു.