കഴക്കൂട്ടം: തുമ്പ പോലീസിന്റെ വാഹനപരിശോധനക്കിടയിൽ പിടിയിലായി പെറ്റികേസിലുൾപ്പെട്ടവർ സ്റ്റേഷൻ വളപ്പിൽ വാഴകൃഷി ചെയ്യണമെന്ന് പോലീസിന്റെ നിർദേശം. കഴിഞ്ഞ ദിവസം രാത്രിയാണ് തുമ്പ പോലീസ് കുളത്തൂർ ഉൾപ്പെടെയുള്ള ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടയിൽ ട്രാഫിക് നിയമ ലംഘനം നടത്തിയവരെ വാഹനങ്ങളുമായി പിടികൂടിയത്.
ഇവരെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ട് വന്നിരുന്നു. ഡ്രൈവർമാരെ വിട്ടയച്ചെങ്കിലും വാഹനങ്ങൾ നൽകാതെ പിറ്റേന്നുവരാൻ പറഞ്ഞ് വിട്ടയച്ചു. വാഹനങ്ങൾ കൊണ്ടുപോകാൻ പിറ്റേന്നു വന്നവർക്ക് എസ്ഐ കൊടുത്ത ശിഷ സ്റ്റേഷൻ വളപ്പിൽ വാഴകുഴിയും തെങ്ങുംകുഴിയുമെടുത്ത് അവ നടണമെന്നായിരുന്നു. അല്ലെങ്കിൽ വാഹനം ഇന്ന് വിട്ടു തരില്ല എന്ന നിലപാടിലായിരുന്നു പോലീസ്. നിർവാഹമില്ലാതെ വന്നപ്പോൾ ആളുകൾക്ക് അനുസരിക്കേണ്ടി വന്നു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടിട്ടാണ് വാഹനം വിട്ടുകൊടുത്തത്. ഇത്തരം സംഭവങ്ങൾ ഇതിനു മുന്പും സ്റ്റേഷനിൽ അരങ്ങേറിയതായി നാട്ടുകാർ പറയുന്നു.