കോടാലി: വേനൽമഴക്കൊപ്പം ശക്തമായി വീശാനിടയുള്ള കാറ്റിനെ ചെറുക്കാനുള്ളതിരക്കിലാണു മലയോരത്തെ വാഴകർഷകർ. മുൻ വർഷങ്ങളെ അപേക്ഷി ച്ച് ഇത്തവണ ചൂട് കൂടിയതിനാൽ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണു കർഷകരുടെ ഭയം. നേന്ത്രവാഴകൃഷിക്കു പേരുകേട്ട മറ്റത്തൂരിൽ ഇത്തവണയും ലക്ഷണക്കണക്കിനു വാഴകൾ കൃഷിചെയ്തിട്ടുണ്ട്.
വാഴകളിൽ കുല വരാറായ സമയത്ത് ചുഴലിക്കാറ്റ് വീശിയാൽ കനത്ത നാശമാണ് കർഷകർക്കുണ്ടാവുക. കാറ്റിനെ പ്രതിരോധിക്കാനായി വാഴകൾക്ക് താങ്ങു കൊടുക്കുന്ന തിരക്കിലാണ് കർഷകർ. മുളങ്കന്പുപയോഗിച്ചാണ് വാഴക്ക് താങ്ങുകൊടുക്കുന്നത്.
മുളങ്കന്പുകൾ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്ന് വരുന്ന കാറ്റാടിക്കന്പുകളാണ് പലരും ഉപയോഗിക്കുന്നത്. കാറ്റാടി കന്പ് ഒന്നിന് 80 രൂപയോളമാണ് വില. പ്ലാസ്റ്റിക് വള്ളികളുപയോഗിച്ച് വാഴകളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന രീതിയാണ് മലയോരത്തുള്ളത്.
തോട്ടത്തിന്റെ അതിരിൽനിൽക്കുന്ന വാഴകൾക്കു മാത്രം മുളങ്കന്പുകളോ കാറ്റാടി കന്പുകളോ കൊണ്ടുള്ള ഊന്നുകൊടുക്കും. ബാക്കിയുള്ള വാഴകളെ പ്ലാസ്റ്റിക് വള്ളികൾ കൊണ്ട ് പരസ്പരം വലിച്ചു കെട്ടും. കഴിഞ്ഞവർഷം നേന്ത്രക്കായക്ക് മികച്ച വില കിട്ടിയതിനാൽ ഇത്തവണ കൂടുതൽപേർ വാഴകൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്. കിലോഗ്രാമിന് 55 മുതൽ 60 രൂപ വരെ കഴിഞ്ഞ വർഷം വില കിട്ടിയിരുന്നു. ഈ വർഷവും മികച്ച വിലയാണ് കർഷകർ പ്രതീക്ഷിക്കുന്നത്.
ജൂണ് ജൂലൈ മാസത്തിൽ വിളവെടുപ്പിനു പാകമാവുന്ന തരത്തിലാണു മിക്കവരും നേന്ത്രവാഴകൃഷി നടത്തിയിട്ടുള്ളത്. ഓണവിപണി ലക്ഷ്യംവെച്ച് വാഴകൃഷി ചെയ്തവരും കുറവല്ല. മെയ് അവസാനത്തോടെ വാഴത്തോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കും. ആദ്യം വിളവെടുക്കുന്ന വാഴക്കുലകൾക്ക് മികച്ച വില ലഭിക്കാറുണ്ട്. വർഷം ചെല്ലുംതോറും കൃഷിച്ചെലവ് വർധിച്ചുവരുന്നതായി കർഷകർ പറയുന്നു.
കിലോഗ്രാമിന് ശരാശരി 40 രൂപയെങ്കിലും വിലകിട്ടിയാലേ കൃഷി നിലനിർത്താനാകൂ എന്നാണിവർ പറയുന്നത്. മറ്റത്തൂർ, കൊടകര, കോടശേരി, വരന്തരപ്പിള്ളി, പറപ്പൂക്കര പഞ്ചായത്തുകളിലായി ലക്ഷക്കണക്കിനു നേന്ത്രവാഴകളാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്.