കൊടകര: പ്രളയം സമ്മാനിച്ച നഷ്ടങ്ങളുടെ കണക്കുകൾ മനസിൽ സൂക്ഷിച്ച് പ്രതീക്ഷകളുടെ വിളനിലങ്ങളിലേക്ക് കൈക്കൊട്ടെടുത്ത് ഇറങ്ങിയിരിക്കയാണ് മലയോരത്തെ വാഴകർഷകർ. നഷ്ടങ്ങളിൽ തളരാതെ ഒരു നിയോഗം പോലെ ഇവർ വീണ്ടും നേന്ത്രവാഴകൾ നട്ടുവളർത്തുകയാണ്.
മലയോരത്ത് വ്യാപകമായി നേന്ത്രവാഴകൾ കൃഷി ചെയ്യുന്നത്. ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണിൽ കൃഷിചെയ്ത നേത്രവാഴകളിൽ പകുതിയിലേറെ പെരുമഴയിൽ നശിച്ചുപോയി. വേനൽമഴയിലെ ചുഴലിക്കാറ്റും വാഴകൾക്ക് കനത്ത നാശം വിതച്ചു. അടുത്ത സീസണിലെങ്കിലും മികച്ച ഉൽപ്പാദനവും വിലയും പ്രതീക്ഷിച്ചാണ് കർഷകർ വാഴകൃഷി ചെയ്യുന്നത്.
്ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് പല കർഷകരുടേയും നേന്ത്രവാഴ കൃഷി. സ്വന്തമായി ഭൂമിയില്ലാത്തവർ പാട്ടഭൂമിയിലും വാഴകൃഷിചെയ്യുന്നു. തമിഴ്നാട്ടിലെ മേട്ടുപാളയം, ഈറോഡ് ,സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വാഴക്കന്നുകളാണ് കൃഷിക്കുപയോഗിക്കുന്നത്.
പ്രളയക്കെടുതികളുടെ മറവിൽ വാഴക്കന്നുകൾക്ക് തമിഴ്നാട്ടുകാർ വില കൂട്ടിയത് വാഴകർഷകരുടെ കൃഷി ചെലവ് വർധിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വാഴകൃഷി പാടെ നശിച്ചുപോയതിനാൽ തദ്ദേശീയമായ വാഴക്കന്നുകൾ ലഭ്യമല്ലാതായതാണ് തമിഴ്നാടൻ വാഴക്കന്നുകൾക്ക് ഡിമാന്റും വിലയും കൂടാൻ കാരണായത്. കഴിഞ്ഞ വർഷം 13 രൂപ വിലയുണ്ടായിരു്നന വാഴക്കന്ന് ഒന്നിന് ഇപ്പോൾ 15 മുതൽ 16 രൂപ വരെ കൊടുക്കണം.
ആറ്റുനേന്ത്രൻ ഇനത്തിലുള്ള വാഴക്കന്നുകൾക്ക് ഒന്നിന് 22 രൂപവരെ വിലയുണ്ട്. കർക്കിടകവാഴ ,ഓണവാഴ, മകരവാഴ എന്നിങ്ങനെ മൂന്നു തരത്തിലാണ് മലയോരത്ത് നേന്ത്രവാഴ കൃഷി ചെയ്യുന്നത്. കർക്കിടകവാഴ കൃഷി ചിങ്ങമാസത്തിന്റെ ആദ്യത്തിലാണ് ് തുടങ്ങുന്നതാണ് .
ഓണത്തിനു മുന്പേ ഇതിന്റെ വിളവെടുപ്പ് പൂർ്ത്തിയാകും. ഓണക്കാലത്ത് വിളവെടുക്കാൻ പാകത്തിൽ കന്നിമാസം ഒടുവിലോ തുലാംമാസം ആദ്യത്തിലോ ആരംഭിക്കുന്ന നേന്ത്രവാഴകൃഷിയെയാണ് ഓണവാഴ എന്നു വിളിക്കുന്നത്. വേനൽക്കാലത്ത് കരഭൂമികളിലും പറന്പുകളിലും ചെയ്യുന്നതാണ് ് മകരവാഴകൃഷി .
കുംഭമാസത്തിലാണ് ഇതിനായി നേന്ത്രവാഴക്കന്നുകൾ കുഴിച്ചിടുന്നത്. ഓണവിപണി ലക്ഷ്യമിട്ടുള്ള ഓണവാഴകൃഷിയാണ് മറ്റത്തൂരിൽ കൂടുതൽ കർഷകരും ചെയ്തുപോരുന്നത്. ഒരു വാഴവിത്തിന് 13 രൂപയോളം വില കൊടുക്കണം. കൂലിച്ചെലവ്, വളം , കാറ്റിൽ ഒടിഞ്ഞുവീഴാതിരിക്കാൻ പ്ലാസ്റ്റിക് വള്ളി കെട്ടൽ എന്നിവക്കായി ശരാശി നാനൂറു രൂപയോളം ഒരു വാഴക്ക് കർഷകൻ ചെലവഴിക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ കിലോഗ്രാമിന് 40 രൂപയെങ്കിലും വിലകിട്ടിയില്ലെങ്കിൽ നേന്ത്രവാഴകൃഷി നഷ്ടത്തിൽ കലാശിക്കും. . കാലാവസ്ഥയും വിലനിലവാരവും അനുകൂലമായി നിന്നാൽ മികച്ച വരുമാനം വാഴകൃഷിയിൽ നിന്ന് കർഷകർ പ്രതീക്ഷിക്കുന്നു.