കോട്ടയം: കാലവര്ഷത്തിന് ശമനം വന്നതോടെ വാഴ കര്ഷകര്ക്ക് ആശ്വാസം. വാഴക്കുലയ്ക്ക് പെട്ടന്നാണ് വില കയറിയത്. കഴിഞ്ഞ വേനലിലും വേനല്മഴയിലും വ്യാപകമായി വാഴ നിലംപൊത്തി.
പിണ്ടിപ്പുഴുവിന്റെ ശല്യവും കൂടുതലുണ്ട്. ഇതോടെ വാഴക്കുലയ്ക്ക് ക്ഷാമം വന്നതോടെ വില പെട്ടന്ന് കയറുകയാണ്. ഓണം വരെ വില ഉയര്ന്നുനിന്നേക്കും. ഓണത്തിന് ഉപ്പേരി വറക്കാന് ഏത്തക്കായയ്ക്ക് പൊന്നുംവില കൊടുക്കേണ്ടിവരാം.
പാളയംകോടനും ഞാലിപ്പൂവനും റോബസ്റ്റയ്ക്കും ആവശ്യക്കാര് ഏറെയാണ്. തുശ്ചവില ലഭിച്ചിരുന്നതില് നിന്നാണ് നിലവിലെ വര്ധന. കാലം തെറ്റി പെയത മഴ കര്ഷകരുടെ നെഞ്ചില് തീ കോരിയിട്ടു എന്നു തന്നെ പറയാം. ജില്ലയില് 40 ഹെക്ടറിലാണ് വേനല്മഴയില് വാഴക്കൃഷി നശിച്ചത്.
തമിഴ്നാട്ടിലും കര്ണാടകത്തിലും നിന്നുള്ള വാഴക്കുല വരവ് കുറഞ്ഞതോടെയാണ് നാടന് കുലയ്ക്ക് ആവശ്യക്കാരേറിയത്. വിപണിയിലെ അപ്രതീക്ഷിത കുതിപ്പ് വരുംമാസങ്ങളിലും പ്രതിഫലിക്കുമെന്ന് കര്ഷകര് പ്രതീക്ഷിക്കുന്നു. ഏത്തവാഴ കുലയ്ക്ക് ഏറ്റവും കൂടുതല് ആവശ്യക്കാരുള്ളത് ചിങ്ങമാസത്തിലാണ്.
വാഴക്കുല വില (പഴയ വില ബ്രാക്കറ്റില്)
=ഏത്തക്കായ്: 60 (40)
=പാളയംകോടന്: 20-25 (15)
=ഞാലിപ്പൂവന്: 65 (35-40)
=റോബസ്റ്റ: 35 (25)