എടത്വ: ഒരു വാഴക്കുലയ്ക്ക് അയ്യായിരം രൂപ. എടത്വ പച്ച കണിയാംപറന്പിൽ ജോസ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്നും ലഭിച്ച അപൂർവയിനം വാഴക്കുലയ്ക്കാണ് തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമാണ മേസ്തിരി അയ്യായിരം രൂപ വിലനൽകാൻ തയാറായി എത്തിയത്.
വാങ്ങാനെത്തിയ ആളുടെ വില കേട്ടതോടെ കർഷകന്റെയും കണ്ണുതള്ളി. വാഴക്കുലയുടെ പ്രത്യേകത അന്വേഷിച്ചറിഞ്ഞ ജോസ് തത്കാലം വാഴക്കുല വിൽക്കാൻ തയാറായില്ല.
മാമ്മൂട്ടിലെ വാഴത്തോട്ടത്തിൽ വയ്ക്കാനായി ചങ്ങനാശേരി നഴ്സറിയിൽ നിന്നും വാങ്ങിയ ഏത്തവാഴ വിത്തിൽനിന്നാണ് അപൂർവയിനം വാഴക്കുല വിരിഞ്ഞത്.
ജനിതകമാറ്റം സംഭവിച്ചുണ്ടാകുന്ന ഇത്തരം വാഴക്കുല അപൂർവമായി മാത്രമേ കണ്ടുവരാറുള്ളെന്നും ഒൗഷധഗുണമുള്ള ഫലമാണെന്നും തമിഴ്നാട് സ്വദേശി അറിയിച്ചതായി ജോസ് പറഞ്ഞു.
വാഴക്കുലയെക്കുറിച്ച് കൂടുതൽ വ്യക്തമല്ലാത്തതിനാൽ ജോസ് വാഴക്കുല വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.