നെന്മാറ: മേഖലയിലെ വാഴ കർഷകർക്ക് ഭീഷണിയായി മയിൽ, മലയണ്ണാൻ തുടങ്ങിയ ജീവികൾ. മൂപ്പ് എത്താറായ വാഴക്കുലകളിൽ കയറി കൊത്തിയും നഖങ്ങൾ കൊണ്ട് മാന്തി കായകൾ കേടു വരുത്തുന്പോൾ മലയണ്ണാൻ കാർന്നുതിന്നും വാഴക്കുലകൾ നശിപ്പിക്കുന്നത് പതിവാകുന്നു.
വാഴക്കുലകളിലെ ഏറ്റവും മുകളിലുള്ള കായകൾ മയിലുകളുടെ നഖം കൊണ്ട് പൊളിഞ്ഞു പോയാൽ ആ കുലയുടെ പ്രധാന പടല തന്നെ ഉപയോഗ ശൂന്യമായി കുലയ്ക്ക് അങ്ങാടിയിൽ വില ഇല്ലാതാവുന്നു.
കായയുടെ തോൽ വിള്ളൂകയും കറുത്തപാടുകളും കറുത്ത ചെറു പരിക്കുകളും കറ ഒലിച്ച് വാഴക്കുലക്ക് വിപണിയിൽ ആവശ്യക്കാർ ഇല്ലാതാവുകയും ചെയ്യുന്നു.
ഇതിനു പ്രതിവിധിയായി ആദ്യകാലങ്ങളിൽ കർഷകർ സിമന്റ് ചാക്ക്, പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് വാഴക്കുലകൾ പൊതിഞ്ഞ് കെട്ടുകയാണ് പതിവ്.
എന്നാൽ ആവശ്യത്തിന് ചാക്കുകൾ ലഭിക്കാതായതോടെ നീല, വെള്ള നിറങ്ങളിൽ ലഭിക്കുന്നതും സൂര്യപ്രകാശം പ്രവേശിക്കുന്നതുമായ വലിയ കവറുകൾ 8 മുതൽ 13 രൂപ വരെ ഒരു കവറിനു നൽകി വാഴക്കുലയെ പൊതിഞ്ഞ് കെട്ടി സംരക്ഷിക്കുകയാണ്.
ചുവടു വശം തുറന്ന് വായു സഞ്ചരിക്കുന്ന രീതിയിലാണ് കവറുകൾ വാഴക്കുലകളിൽ ഏണി ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുന്നത്. ഇത് വാഴയ്ക്ക് ഉൗന്നു കൊടുക്കുന്ന പോലെ നൽകേണ്ട സ്ഥിതിയായതിനാൽ കർഷകനെ അധിക സാന്പത്തിക ചിലവു വരുന്നു.
നിശ്ചിത മൈക്രോണ് കനത്തിലുള്ള കവറുകൾ മാത്രം വിൽക്കാൻ അനുവാദം ഉള്ളതുകൊണ്ട് കനംകുറഞ്ഞ കവറുകൾ കൊണ്ട് പൊതിയാൻ കഴിയാത്ത സ്ഥിതിയായി. ചില കർഷകർ റബ്ബർ മരങ്ങൾക്ക് മഴ മറ സ്ഥാപിക്കാനായി വാങ്ങിയ പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിക്കുന്നുണ്ട് എന്നാൽ ഇത് വില കൂടുതലാണ്.
എല്ലാത്തരം സംരക്ഷണവും കഴിഞ്ഞ് കുല വെട്ടിയാൽ വിപണിയിൽ വില ഇല്ലാതാവുന്നതോടെ കർഷകന്റെ കണ്ണീര് തോരതാവുന്നു. നിലത്തു കൂടെ വരുന്ന മാൻ, പന്നി എന്നിവയ്ക്ക് വേലി കെട്ടിയും കാവൽ ഇരുന്നും സംരക്ഷിക്കാമെങ്കിലും ആകാശത്തുകൂടെ വരുന്നവയെ നിയന്ത്രിക്കാൻ വഴി തേടുകയാണ് കർഷകർ.