അമരവിള: കടുത്ത ചൂടിലും വരൾച്ചയിലും നെയ്യാറ്റിൻകര താലൂക്കിലെ നിരവധി വാഴ കർഷകർ ദുരിതത്തിലായി. നഷ്ടത്തിൽ ഏറിയ പങ്കും കരവാഴ കൃഷിയെ ആശ്രയിച്ചവർക്കാണെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. നെയ്യാറ്റിൽകര കൃഷി ഓഫീസിലെ കണക്കുകൾ പ്രകാരം താലൂക്കിൽ കരവാഴ കൃഷി നടത്തി വന്നിരുന്ന 18 ഓളം കർഷകർ നല്ല വിളവ് ലഭിക്കാതെയും വാഴകൾ കരിഞ്ഞുണങ്ങിയും നഷ്ടത്തിലായെന്നാണ് റിപ്പോർട്ട്.
കിണറുകളിലും കുളങ്ങളിലും വെള്ളം ക്രമാതീതമായി വറ്റിയതും മണ്ണിൽ ഒഴിക്കുന്ന വെള്ളം തങ്ങി നിൽക്കാത്തതുമാണ് കരവാഴ കർഷകരെ ദുരിതത്തിലാക്കിയത്. നെയ്യാറ്റിൻകര ഉൗരുട്ടുകാലയിൽ ഒന്നരയേക്കറിൽ കൃഷിയിറക്കിയ പെരുങ്കടവിള സ്വദേശി വേണുവിന് പറന്പിൽ നിന്ന് ഒരൊറ്റ വാഴ പോലും വളയിച്ചെടുക്കാൻ സാധിച്ചില്ല. ഒന്നരയേക്കർ സ്ഥലം അന്പതിനായിരം രൂപക്ക് പാട്ടത്തിനെടുത്താണ് വേണു കൃഷിയിറക്കിയത്.
നട്ട് ആറ് മാസത്തിനിടയിൽ കുലച്ച വാഴകൾ ജലദൗർലഭ്യവും കടുത്ത വെയിലും കാരണം ഉണങ്ങി വീഴാൽ തുടങ്ങി. തുടർന്ന് കഴിഞ്ഞ മാസത്തോടെ നട്ട 1200 വാഴകളും വേണുവിന് നഷ്ടപ്പെട്ടു. വാഴകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ട പരിഹാരം ലഭിക്കാനുളള സാധ്യതയും വിദൂരമാണ്.കാലവർഷ കെടുതിയാണെങ്കിലെ കൃഷി വകുപ്പിന് സഹായം അനുവധിക്കാൻ സാധിക്കൂ എന്നാണ് കൃഷി വകുപ്പിന്റെ നിലപാട്.