സ്വന്തം ലേഖകൻ
കൊടകര: പെരുമഴ പെയ്തൊഴിഞ്ഞെങ്കിലും കർഷകദിനമായ ഇന്നും കർഷകരുടെ കണ്ണീരുമാത്രം പെയ്തൊഴിഞ്ഞിട്ടില്ല. കനത്തുപെയ്ത മഴ മലയോരത്തെ കാർഷിക മേഖലയുടെ നടുവൊടിച്ചാണ് വിടവാങ്ങിയത്. ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴകൾ കൃഷി ചെയ്ത കർഷകരുടെ സ്വപ്നങ്ങളാണ് മലവെള്ളത്തിൽ കുത്തിയൊലിച്ചുപോയത്. നേന്ത്രവാഴയും കദളിയും അടക്കം വിവിധയിനം വാഴകൾ വൻതോതിൽ കൃഷിചെയ്യുന്ന മറ്റത്തൂരിൽ വ്യാപകമായ നഷ്ടമാണ് മഴ വരുത്തി വെച്ചത്.
മറ്റത്തൂർ പഞ്ചായത്തിൽ മാത്രം മൂന്നുലക്ഷത്തിലേറെ വാഴകൾക്ക് മഴക്കെടുതിയിൽ നാശമുണ്ടായിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ഇതിലേറെയും നേന്ത്രവാഴകളാണ്. പാളയൻകോടൻ, ഞാലിപ്പൂവൻ, കദളി തുടങ്ങിയ വാഴയിനങ്ങളും നശിച്ചുപോയിട്ടുണ്ട്. മഴയിലും കാറ്റിലും നശിച്ചു പോയതിലേറെ വാഴകൾ വെള്ളക്കെട്ടു മൂലം നശിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ മലയോരത്തുള്ളത്. തോട്ടങ്ങളിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനാൽ വാഴകളുടെ തണ്ട് പഴുപ്പു ബാധിച്ച് ഒടിഞ്ഞു വീഴുന്ന അവസ്ഥയാണ്.
വെള്ളക്കെട്ട് മാറി നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞാണ് വാഴകൾ ഇങ്ങനെ ഒടിഞ്ഞുവീഴുക. ഇത് മുൻകൂട്ടി കണ്ട് പാകമാകാത്ത വാഴക്കുലകൾ കർഷകർ വെട്ടിയെടുത്ത് കിട്ടിയ വിലക്ക് വിൽക്കുകയാണിപ്പോൾ. മൂന്നമുറി ചേലക്കാട്ടുകര പാലത്തിനു സമീപം കൃഷി ഭൂമി പാട്ടത്തിനെടുത്ത് കൃഷിറക്കിയ കുണ്ടൂക്കാരൻ ജോസ് എന്ന കർഷകന്റെ ആയിരക്കണക്കിന് വാഴകളാണ് വെള്ളം കയറി നശിച്ചത്.
രണ്ട് ലക്ഷത്തിലേറെ രൂപ കാർഷിക വായ്പ്പയെടുത്താണ് ജോസ് വാഴകൃഷിയിറക്കിയത്. നേന്ത്രൻ, കദളി, പാളയംകോടൻ, ഞാലിപ്പൂവൻ എന്നിങ്ങനെ മൂവായിരത്തോളം വാഴകൾ കൃഷിചെയ്ത ഈ കർഷകന്റെ പകുതിയയിലേറെ വാഴകൾ വെള്ളം കയറി നശിച്ചു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിളവെടുപ്പിനു പാകമാകേണ്ട വാഴകളാണ് വെള്ളക്കെട്ടുമൂലം നശിച്ചത്.
കഴിഞ്ഞ വർഷം പ്രളയത്തിൽ പെട്ട് വിളനാശം സംഭവിച്ച വാഴകർഷകർ ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് കൃഷിയിറക്കിയത്. ഓണക്കാലത്തേക്ക് കുലവെട്ടാറാകും വിധത്തിലാണ് മിക്കവരും കൃഷിയിറക്കിയത്. എന്നാൽ കഴിഞ്ഞ വർഷത്തെ അതേ ദുർവിധി ഇത്തവണയും കർഷകരെ വേട്ടായാടുകയാണുണ്ടായത്. വൻ തുക വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകരെ പ്രകൃതി ക്ഷോഭം കടക്കെണിയിലാക്കിയിരിക്കയാണ്.
കൃഷിയിൽ നിന്ന് ആദായം ലഭിക്കാത്ത സാഹചര്യം വന്നതോടെ വായ്പ തിരി്ച്ചടക്കാൻ എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. കൃഷി നാശം നേരിട്ടവരുടെ വായ്പകളിൽ ഇളവു നൽകി കടക്കെണിയിൽ നിന്ന് രക്ഷിക്കണമെന്ന ആവശ്യമാണ് കർഷകരിൽ നിന്ന് ഉയരുന്നത്.