പത്തനംതിട്ട: കനത്ത ചൂടിൽ കൃഷിവിളകളും ഫല വൃക്ഷങ്ങളും കരിഞ്ഞുണങ്ങുന്നു. ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് വാഴ കർഷകരാണ്. ചൂട് കൂടിയതോടെ വലിയ തോതിലാണ് വിളവെത്താറായതും വിളകൾ വന്നതുമായ വാഴകൾ ഒടിഞ്ഞ് വീഴുന്നത്. കർഷകരുടെ പ്രതീക്ഷകൾക്ക് ചുട് നൽകുന്ന പ്രഹരം അത്രകണ്ട് ഭീകരമാണ്.
കനത്ത ചൂടിൽ വാഴത്തോട്ടങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ തകർന്നടിയുന്നത് ഇവരുടെ പ്രതീക്ഷകളാണ്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും കടം വാങ്ങിയും കൃഷി സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി നടത്തിയവർ ഒട്ടനവധിയാണ്.
വകയാർ, കോന്നി, മല്ലശേരി, ളാക്കൂർ, വെള്ളപ്പാറ, വാഴമുട്ടം, പ്രമാടം, മറൂർ, വെട്ടൂർ, ഇളകൊള്ളൂർ എന്നിവിടങ്ങളിലുൾപ്പെടെ വാഴകൾ കരിഞ്ഞുണങ്ങിയും വാഴപിണ്ടിയിലെ വെള്ളം വറ്റി മിക്കതും ഒടിഞ്ഞു വീഴുന്നതും നിത്യ കാഴ്ചയാണ്. കാട്ടുപന്നി ശല്യത്താൽ ജനം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് കൃഷി സ്ഥലങ്ങളിലെല്ലാം ചൂട് കനത്ത നഷ്ടം വരുത്തുന്നത്.
കയറും മറ്റും ഉപയോഗിച്ച് സംരക്ഷണമൊരുക്കിയിട്ടും വിളവെത്തിയതും പകുതി വിളഞ്ഞതും എല്ലാം ഒടിഞ്ഞ് വീഴുകയാണ്. ഒടിഞ്ഞ് വീഴുന്ന നേന്ത്രക്കുലകൾക്ക് തുച്ഛമായ വില മാത്രമേ വിപണികളിൽ കിട്ടുകയുള്ളു. ഒടിഞ്ഞ് വിഴുന്ന വിളകൾ കിട്ടുന്ന വിലയ്ക്ക് നൽക്കുകയാണിവർ.
ഏത്തവാഴ കുലച്ച് ആഴ്ചകൾ കഴിയുന്നതോടെ ഇലകൾ പഴുത്ത് ഉണങ്ങിയും വാഴപ്പിണ്ടിയിലെ ജലാംശം നഷ്ടപ്പെട്ടുമാണ് മിക്കവയും ഒടിഞ്ഞ് വീഴുന്നത്. ചൂട് കൂടുതൽ ശക്തിപ്പെടുന്നതോടെ വാഴത്തോട്ടങ്ങൾ പൂർണമായും കരിഞ്ഞുവീഴുമെന്ന ആധിയിലാണ് കർഷകർ. വാഴ മാത്രമല്ല ഇതര കൃഷിവിളകളും കരിഞ്ഞുണക്കുന്നുണ്ട്.
റബർ ഒഴിവാക്കി കൃഷി ഇടങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചവർ ഇതിനു വെള്ളം എത്തിക്കാനാകാതെ നഷ്ടം നേരിടുകയാണ്. ഫലവൃക്ഷങൾ പലതും ചൂടിൽ ഉണങ്ങി തുടങ്ങി. പ്ലാവ്, മാങ്കുസ്തി, മാവ് തുടങ്ങിയ വിളകൾ പല കർഷകരും വ്യാപകമായി നട്ടുപിടിപ്പിച്ചിരുന്നു.
കൃഷിയിടങ്ങളിലുള്ള ജലശ്രോതസുകൾ മിക്കതും വറ്റിവരണ്ട് കഴിഞ്ഞു. പല കർഷകരും ഉയർന്ന വിലയ്ക്ക് ടാങ്കറിൽ ജലം എത്തിച്ചാണ് ഇവയെ സംരക്ഷിക്കുന്നത്. ഫെബ്രുവരിമാസം അവസാനിക്കും മുന്പേയുള്ള ചൂട് കണ്ട് കനത്ത സ്ഥിതിയിലുള്ള വരുന്ന മാസങൾ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് കർഷകർ.