വടക്കഞ്ചേരി: പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങളും മാത്രമല്ല തമിഴ്നാട്ടിൽനിന്ന് വാഴയിലകൂടി വരണം മലയാളിക്ക് ഭക്ഷണം കഴിക്കാൻ. ദിവസവും പുലർച്ചെ തമിഴ്നാട്ടിൽനിന്നും ലോഡുകണക്കിന് വാഴയിലയാണ് വടക്കഞ്ചേരി, തൃശൂർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിലേക്കു വരുന്നത്.
കീറലുകളോ ചുളിവുകളോ ഇല്ലാത്ത വീതികൂടിയ ഇലയായതിനാൽ ആവശ്യക്കാരും കുറവല്ല.ഇലകൾ വെട്ടിയെടുക്കാൻ മാത്രമായി തമിഴ്നാട്ടിൽ വലിയ വാഴത്തോട്ടങ്ങളുണ്ട്.കോയമ്പത്തൂർ, തൂത്തുക്കുടി, പൊള്ളാച്ചി തുടങ്ങിയ പ്രദേശങ്ങളിൽ ഇലകൾക്കു മാത്രമായുള്ള വാഴത്തോട്ടങ്ങളുണ്ടെന്നു വടക്കഞ്ചേരി മാർക്കറ്റിൽ വാഴയില ബിസിനസ് നടത്തുന്ന അബ്ദുൾ മജീദ് പറഞ്ഞു.
പാളയംകോടൻ വാഴയാണ് ഇതിനായി കൃഷിചെയ്യുന്നത്. ഇടയ്ക്കിടെ ഇല വെട്ടുന്നതിനാൽ ഈ വാഴകൾക്ക് ചെറിയ കുലകളേ ഉണ്ടാകു.
ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ, വീടുകളിൽ നടക്കുന്ന ആഘോഷങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം ഇലകൾക്ക് ഓർഡറുണ്ടാകും.
കൃത്രിമ പ്ലെയ്റ്റുകളെക്കാൾ വിലക്കുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നതും വാഴയിലക്ക് ആവശ്യക്കാർ കൂടുതലാകാൻ കാരണമാണ്. വാഴയിലയിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളാണെങ്കിൽ അവിടെ തിരക്കും കൂടും.