സ്വന്തം ലേഖകൻ
തിരുവനന്തപുരം: വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. സുഹൃത്തുക്കളായ രണ്ട ് പേർ പോലീസ് കസ്റ്റഡിയിൽ.
വഴയില ഇരട്ടക്കൊലക്കേസിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതി വഴയില സ്വദേശി വിഷ്ണു (34) എന്ന് വിളിക്കുന്ന മണിച്ചനാണ് മരിച്ചത്.
ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഹരികുമാറിനും വെട്ടേറ്റു. കരകുളം ആറാംകല്ലിന് സമീപത്തെ ആരാമം ലോഡ്ജിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
രണ്ട ് ദിവസം മുൻപ് ഹരികുമാർ എന്നയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇന്നലെ രാത്രിയിൽ മണിച്ചൻ, ഹരികുമാർ, ദീപക് ലാൽ, അരുണ് എന്നിവർ ചേർന്ന് ഇവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്നു.
ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ലോഡ്ജ് മുറിയിൽ ബഹളം
വെട്ടേറ്റ് മുറിയിൽ രക്തത്തിൽ കുളിച്ച് കിടന്ന മണിച്ചനെയും ഹരികുമാറിനെയും പോലീസ് മെഡിക്കൽ കോളജാശുപത്രിയിൽ ഇന്നലെ രാത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിച്ചത്. ഹരികുമാർ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
ഇവരുടെ സുഹൃത്തുക്കളായ ദീപക് ലാലും അരുണുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും വട്ടിയൂർക്കാവിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിൽ ലോഡ്ജ് മുറിയിൽ ബഹളം കേട്ടതിനെ തുടർന്ന് അടുത്ത മുറിയിൽ താമസിച്ചിരുന്നവർ അരുവിക്കര പോലീസിൽ വിവരം അറിയിച്ചു.
പോലീസെത്തി മുറി പരിശോധിച്ചപ്പോഴാണ് മണിച്ചനെയും ഹരികുമാറിനെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കം
കൃത്യത്തിന് ശേഷം ദീപക് ലാലും അരുണും രക്ഷപ്പെടുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റൂറൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞത്.
2011 – ൽ വഴയിലയിൽ രണ്ട ് യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മണിച്ചൻ എന്ന വിഷ്ണു. വിശദമായ അന്വേഷണത്തിന് ശേഷമെ അക്രമണത്തിന്റെ യാഥാർഥ കാര്യങ്ങൾ പറയാനാകുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നാല് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. അരുവിക്കര പോലീസ് മേൽനടപടി സ്വീകരിച്ചു.
മണിച്ചന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തെ തുടർന്ന് വഴയിലയിലും സമീപ പ്രദേശങ്ങളിലും കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തി.