കോട്ടയം: കെപിസിസി പുനഃസംഘടിപ്പിച്ചപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വന്തം ജില്ലയായ കോട്ടയത്തിനു നേട്ടം. വൈസ് പ്രസിഡന്റായി ജോസഫ് വാഴയ്ക്കനും ജനറൽ സെക്രട്ടറിയായി മുൻ ഡിസിസി പ്രസിഡന്റു കൂടിയായ ടോമി കല്ലാനിയും വനിതാ ദളിത് പ്രാതിനിധ്യത്തിൽ കോട്ടയം നഗരസഭ ചെയർപേഴ്സണായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡോ. പി.ആർ. സോനയും തെരഞ്ഞെടുക്കപ്പെട്ടു.
മുൻ എംഎൽഎ കൂടിയായ ജോസഫ് വാഴയ്ക്കൻ നിലവിൽ ചാനലുകളിലെ കോണ്ഗ്രസിന്റെ ശബ്ദമാണ്. കെപിസിസി വക്താവായി തിളങ്ങി നിന്ന ജോസഫ് വാഴയ്ക്കൻ കെപിസിസി ഭാരവാഹിത്വം വഹിക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളിൽ ഏറ്റവും പ്രമുഖനായി മാറുകയാണ്. പാർട്ടിയിൽ ഇനി ഐ ഗ്രൂപ്പിന്റെ കടിഞ്ഞാൻ രമേശ് ചെന്നിത്തലയുടെ ഏറ്റവും വിശ്വസ്തനായ വാഴയ്ക്കനിലെത്തിയിരിക്കുകയാണ്എന്നതാണ് വൈസ് പ്രസിഡന്റുപദവിയിലൂടെ തെളിഞ്ഞിരിക്കുന്നത്.
അതേസമയം ടോമി കല്ലാനിയുടെ ഭാരവാഹിത്വത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അരനൂറ്റാണ്ടിനിടെ കോട്ടയം ഡിസിസി പ്രസിഡന്റ് പദവിയിലിരുന്ന ശേഷം സംസ്ഥാന ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മുൻ ഡിസിസി പ്രസിഡന്റായി കല്ലാനി മാറുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനും ജനറൽ സെക്രട്ടറിമാരായിരുന്നിട്ടുണ്ടെങ്കിലും അവർ ഡിസിസി പ്രസിഡൻറുമാരായിരുന്നില്ല.
ആന്റോ ആന്റ ണിയും കുര്യൻ ജോയിയും ഡിസിസി പ്രസിഡന്റുമാരായിരുന്നെങ്കിലും അവർ കെപിസിസി ജനറൽ സെക്രട്ടറിമാരായിട്ടില്ല. എ.കെ. ആന്റണിയുമായുള്ള അടുപ്പത്തിൽ എ ഗ്രൂപ്പിൽ നിന്നിരുന്ന ടോമി കല്ലാനി വി.എം. സുധീരനുമായി അടുത്തതോടെ ഉമ്മൻ ചാണ്ടിയുമായി അകന്നു. ഇപ്പോൾ ഗ്രൂപ്പ് നോമിനിയാകാതെ ഗ്രൂപ്പില്ലാത്തവരുടെ ലിസ്റ്റിലാണ് ടോമി കല്ലാനി കെപിസിസിയിലേയ്ക്ക് പരിഗണിക്കപ്പെട്ടതെന്നാണ് സൂചന.
എങ്കിലും അടുത്തകാലത്തായി ഉമ്മൻചാണ്ടിയുമായും എ ഗ്രൂപ്പുമായും അടുത്ത ബന്ധമാണ് കല്ലാനി പുലർത്തുന്നത്. അതിനാൽ തന്നെ കല്ലാനിയെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുന്നതിൽ ഉമ്മൻചാണ്ടിക്കും എതിർപ്പില്ലായിരുന്നു. ഡിസിസി പ്രസിഡന്റായിരിക്കെ ഐ ഗ്രൂപ്പുമായി സഹകരിച്ചു പ്രവർത്തിച്ചതിനാൽ ഐ ഗ്രൂപ്പും കല്ലാനിയെ എതിർത്തില്ല.
കൂടാതെ കോട്ടയം ഡിസിസി അധ്യക്ഷനായിരിക്കെ മൂന്നു തവണ മികച്ച ഡിസിസി അധ്യക്ഷനുള്ള എഐസിസിയുടെ ബഹുമതിയും രാഹുൽ ഗാന്ധിയുടെ പ്രത്യേക പ്രശംസയും നേടിയ നേതാവ് കൂടിയായിരുന്നു ടോമി കല്ലാനി. ഇതും ടോമി കല്ലാനിക്കു ഗുണം ചെയ്തു.
കോട്ടയം ജില്ലക്കാർ എന്നതിലുപരി പാലാക്കാരുകൂടിയായ ജോസഫ് വാഴയ്ക്കനും ടോമി കല്ലാനിയും കെപിസിസിയുടെ നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ടതോടെകോട്ടയത്തെ കോണ്ഗ്രസ് ഘടകത്തിന്റെ പ്രവർത്തനം കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ കോട്ടയം നഗരസഭാ ചെയർപേഴ്സണ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.ആർ. സോന നടത്തുന്നത്.
ലതികാ സുഭാഷിനു ശേഷം ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് എത്തുന്ന നേതാവു കൂടിയാണ് ഡോ. പി.ആർ. സോന. പി.ആർ. സോനയുടെ പുതിയ സ്ഥാനലബ്ധി കോണ്ഗ്രസ് നേതൃത്വം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വൈക്കം ഉൾപ്പെടെയുള്ള സീറ്റിലേക്കും സോനയെ പരിഗണിച്ചേക്കാം.