നെടുങ്കണ്ടം: യുവതിയെ വാക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചേന്പളം സ്വദേശി കുട്ടിയച്ചൻ (65) ആണ് അറസ്റ്റിലായത്. വള്ളക്കടവ് കടമാക്കുഴി സ്വദേശി പുതുപ്പറന്പിൽ അജിമോൾ(41)ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 8.45ന് ചേന്പളത്താണ് സംഭവം.
സംഭവത്തെപ്പറ്റി പരാതിക്കാരി പറയുന്നതിങ്ങനെ: അജിമോളുടെ മാതാപിതാക്കൾ പ്രതിയുടെ വീടിനു സമീപം വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം പുരയിടത്തിൽനിന്നു വാഴക്കുല നഷ്ടപ്പെട്ടതിനെക്കുറിച്ച് അജിമോളുടെ അമ്മ കുട്ടിയച്ചനെ വിളിച്ച് അന്വേഷിച്ചിരുന്നു.
ഇതിന്റെ വിരോധം മൂലം വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിലെത്തിയ അജിമോളെ പ്രതി ചീത്ത വിളിക്കുകയും വാക്കത്തിക്ക് വെട്ടുകയുമായിരുന്നു.സംഭവം കണ്ട് തടയാനെത്തിയ അജിമോളുടെ 14 ഉം എട്ടും വയസുള്ള മക്കളെയും കാപ്പിവടികൊണ്ട് അടിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിമോളുടെ കൈയിൽ 17 തുന്നലുണ്ട്. നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.