വാഴക്കുളം: പെയിന്റിംഗ് തൊഴിലാളിയെ ഹോട്ടല്‍ ജീവനക്കാരന് കൊലപ്പെടുത്തിയ സംഭവം പണത്തിനുവേണ്ടിയെന്നു പോലീസ്. മദ്യലഹരിയില്‍ അടിപിടിയുണ്ടാകുകയും തുടര്‍ന്നു നടന്ന മര്‍ദനത്തില്‍ മരണം സംഭവിക്കുകയുമായിരുന്നെന്ന പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നും പോലീസ്് വ്യക്തമാക്കി. കഴിഞ്ഞ 28നു രാത്രി ഏഴോടെയാണു പെയിന്റിംഗ് തൊഴിലാളിയായ വാഴക്കുളം കാവന ചാവറ കോളനി ഭാഗത്ത് പേരാലിന്‍ചുവട്ടില്‍ നാരായണന്റെ മകന് സന്തോഷ്കുമാറിനെ (49) വാഴക്കുളത്തുനിന്നും കാണാതായത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മാമലക്കണ്ടത്തിനു സമീപം ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള ആറാം മൈല്‍ പട്ടവളവിലെ കൊക്കയില്‍ ഇന്നലെ വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വാഴക്കുളത്തെ ഹോട്ടല്‍ ജീവനക്കാരനായ ഇടുക്കി മന്നാംകണ്ടം പഴമ്പിള്ളിച്ചാല്‍ പള്ളിത്താഴത്തു സുജിത് തങ്കപ്പനെ (31) വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു സംഭവം കൊലപാതകമെന്നു തെളിഞ്ഞത്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകമെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച പ്രതി 28നു രാത്രി ഏഴോടെ വാഴക്കുളത്തുനിന്നും സന്തോഷിനെ ഒപ്പം കൂട്ടി തിരക്ക് കുറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. വെളുപ്പിനു രണ്ടോടെ മാമലക്കണ്ടത്തിനു സമീപം ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള ആറാം മൈല്‍ പട്ടവളവിനു സമീപമെത്തിയപ്പോള്‍ പ്രതി സന്തോഷ് കുമാറിനെ കൊലപെടുത്തുകയായിരുന്നു. തുടര്‍ന്നു സമീപത്തെ കൊക്കയിലേക്കു മൃതദേഹം എടുത്തെറിഞ്ഞശേഷം പ്രതി സുജിത് തന്റെ വീട്ടിലേക്കു മടങ്ങി. പിന്നീട് വെളുപ്പിന് അഞ്ചോടെ സ്ഥലത്തു തിരിച്ചെത്തിയ പ്രതി മൃതദേഹത്തില്‍ മുളകുപൊടി വിതറിയശേഷം കൂടുതല്‍ ആഴത്തിലേക്കു വലിച്ചെറിഞ്ഞു. തെളിവു നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വാഴക്കുളത്തെ ഹോട്ടല്‍ ജീവനക്കാരനായ സുജിത്തിനൊപ്പം മാരുതികാറില്‍ സന്തോഷ്കുമാര്‍ സഞ്ചരിച്ചെന്ന വിവരം പോലീസിന് ലഭിച്ചത്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇരുവരും നേര്യമംഗലം ഭാഗത്ത് എത്തിയതായും പോലീസ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു കൊക്കയില്‍ മൃതദേഹം കണ്ടെത്തുന്നത്. രാത്രിയോടെ വാഴക്കുളത്തുനിന്നു ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കാണാതായ സമയത്തു സന്തോഷ് ധരിച്ചിരുന്ന മൂന്നു പവന് തൂക്കം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്.
മാല തന്റെ വീട്ടിലുണ്ടെന്നു പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇടക്കാലമായി പ്രതി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണു ഹോട്ടല്‍ ഉടമ വ്യക്തമാക്കുന്നത്. സുജിത്ത് പത്തു വര്‍ഷത്തോളമായി ഹോട്ടല്‍ ജീവനക്കാരനായി വാഴക്കുളത്തുണ്ട്. മഞ്ഞള്ളൂര്‍ കല്ലുങ്കല്‍ വീട്ടിലാണ് ഇയാള്‍ ഇപ്പോള്‍ താമസിച്ചുവരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതി വ്യത്യസ്ത മൊഴികളാണ് ആദ്യം നല്‍കിയിരുന്നത്.
ഇതില്‍ സംശയം തോന്നിയ പോലീസ് ഇയാളുടെ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. പിന്നീട് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം തെളിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നു പുര്ത്തിയാക്കുമെന്നു പോലീസ് വ്യക്തമാക്കി. മൂവാറ്റുപുഴ സിഐ സി. ജയകുമാര്‍, വാഴക്കുളം പ്രിന്‍സിപ്പല്‍ എസ്ഐ എം.ജെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.