വാഴക്കുളം: പൈനാപ്പിൾ വിപണി തകർന്നടിഞ്ഞു. പഴം കിലോഗ്രാമിനു പത്തു രൂപ നിരക്കിലാണ് ഇന്നലെ രാവിലെ വ്യാപാരികൾ വാങ്ങിയത്. ഒടുവിൽ ലോഡ് തികയ്ക്കുന്നതിനായി മാത്രം 14-15 രൂപ വരെ കർഷകർക്കു നൽകി. പച്ച പൈനാപ്പിളിന് 25-26 രൂപയാണു വില. പഴത്തിന് ആവശ്യക്കാരില്ലെന്നു പറഞ്ഞു കർഷകരിൽനിന്നു വാങ്ങാൻ വ്യാപാരികൾ മടിക്കുന്ന സ്ഥിതിയാണ്.
ഇതേത്തുടർന്ന് കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. ഒരാഴ്ച മുന്പുവരെ പഴത്തിന് 22 രൂപയോളം ലഭിച്ചിരുന്നു. പച്ചയ്ക്ക് 28 രൂപ വരെയും കിട്ടി. അതുകൊണ്ടുതന്നെ വിപണിയിലേക്ക് പൈനാപ്പിളിന്റെ കുത്തൊഴുക്കായിരുന്നു. റംസാൻ സീസണിൽ ഉയർന്ന വില പ്രതീക്ഷിച്ച് ഉത്പാദനം നടത്തിയ കർഷകർക്കു വിലയിടിവ് കനത്ത തിരിച്ചടിയായി.
വിലയിടിവ് തുടരുന്പോഴും പൈനാപ്പിൾ കർഷകരുടെ രക്ഷയ്ക്കായി രൂപീകരിച്ച നടുക്കരയിലെ അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനി പൈനാപ്പിൾ സംഭരണത്തിന് ഇനിയും തയാറായിട്ടില്ല. ജീവനക്കാരുടെ ശന്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്കാൻ പോലുമാവാത്ത ഗതികേടിലാണ് കന്പനി. ഈ സാഹചര്യത്തിൽ കന്പനിയിലെ പൈനാപ്പിൾ സംഭരണം അനിശ്ചിതത്വത്തിലാണ്.
പൈനാപ്പിൾ വിപണിയിലെ പ്രതിസന്ധി തരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ, ജനറൽ മർച്ചന്റ്സ് അസോസിയേഷൻ, പൈനാപ്പിൾ മേഖലയിലെ വിവിധ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നലെ രാത്രി വാഴക്കുളത്ത് അടിയന്തര യോഗം ചേർന്നു.
നടുക്കര കന്പനിയിൽ പൈനാപ്പിൾ സംഭരണം ഏർപ്പെടുത്തി പൈനാപ്പിൾ മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് 28ന് കളക്ടറേറ്റ് മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു.രാവിലെ പത്തിന് വാഴക്കുളത്തുനിന്ന് പൈനാപ്പിൾ നിറച്ച പിക്കപ് ജീപ്പുകളുടെ അകന്പടിയോടെയാണ് മാർച്ച് ആരംഭിക്കുക. വേനലിൽ ഉയർന്ന വില പ്രതീക്ഷിച്ച് ജലസേചനം നടത്തി ഉത്പാദനം നടത്തിയവർക്കു വിലയിടിവ് താങ്ങാനാവുന്നതല്ലെന്നു കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.