കായംകുളം: ആശുപത്രി വളപ്പിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ കൃഷി ഒടുവിൽ ആശുപത്രി ജീവനക്കാർ തന്നെ വെട്ടി നിരത്തി. കായംകുളം താലൂക്ക് ആശുപത്രി വളപ്പിലെ വാഴകൃഷിയാണ് മൂടോടെ വെട്ടിനശിപ്പിച്ചത്. സൂപ്രണ്ടും ജീവനക്കാരും തമ്മിലുള്ള ശീതസമരമാണ് വെട്ടിനിരത്തലിന് പിന്നിലെന്നാണ് ആരോപണം. കുലച്ച വാഴകളടക്കമുള്ളവയാണ് പരിസര ശുചീകരണത്തിന്റ മറവിൽ വെട്ടിനശിപ്പിക്കപ്പെട്ടത്.
ആശുപത്രിയിലെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നാണ് വാഴയും ചേന്പുമുൾപ്പടെ കൃഷി ചെയ്തിരുന്നത്. ആശുപത്രി പരിസരം വൃത്തിയായി കിടക്കുന്നതിനും ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വർഷങ്ങൾക്ക് മുന്പാണ് ഇവിടെ കൃഷി ആരംഭിച്ചത്. താൽക്കാലിക ജീവനക്കാർക്കായിരുന്നു കൃഷിയുടെ മേൽനോട്ട ചുമതല. കൃഷി പരിപാലനവും വിളവും ഇവരായിരുന്നു നടത്തിയിരുന്നത്.
എന്നാൽ പുതിയ സൂപ്രണ്ട് വിളകൾ ലേലം ചെയ്തു. ഇത് ജീവനക്കാരിൽ അസംതൃപ്തിക്ക് കാരണമായതായി പറയുന്നു. ഇതേ തുടർന്നാണ് വാഴകൾ ഉൾപ്പടെയുള്ള കൃഷികൾ വെട്ടിനിരത്തിയത്. അതേസമയം ആശുപത്രി പരിസരത്ത് കൊതുക് പെരുകിയെന്നും അതിനാൽ പരിസരമാകെ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കൃഷിയിടം ഒഴിവാക്കിയതെന്നാണ് ജീവനക്കാരുടെ വാദം.
അതേസമയം ആശുപത്രി വളപ്പിലെ കൃഷി ലേലം ചെയ്യാൻ എച്ച്എംസി തീരുമാനിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശുപത്രി ഓഫീസിന് വീഴ്ച സംഭവിച്ചതായും നഗരസഭ ചെയർമാൻ എൻ. ശിവദാസൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. വാഴക്കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.