സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറികളും ഒഴിച്ചു കൂട്ടാനും അതിനു പിന്നാലെ പപ്പടവും പഴവും പായസവുമൊക്കെ കഴുകി വൃത്തിയാക്കിയ തൂശനിലയിൽ വിളന്പുന്നതു പോലും കൊതിയൂറും കാഴ്ചയാണ്.
എല്ലാക്കാലത്തും ഇലയിട്ടു വിളന്പുന്ന സദ്യക്കാണു ഡിമാൻഡ്. അതുകൊണ്ടു തന്നെ വാഴയിലയ്ക്കും ആവശ്യക്കാരേറെ. കോട്ടയംകാർക്ക് ഇലയിട്ടു സദ്യ ഉണ്ണാൻ തോന്നിയാൽ ആദ്യം വിളിയെത്തുന്നതു കുഴിമറ്റം അജിത് ഭവനിൽ ബി. അനിൽകുമാറിനെതേടിയാണ്.
32 വർഷമായി വാഴകൃഷിയുണ്ടെങ്കിലും അനിൽകുമാറിനു കുലയല്ല ഇലയാണു കാര്യം. ആഴ്ചയിൽ കാൽ ലക്ഷത്തിലേറെ ഇലകളാണ് അദ്ദേഹം വിപണിയിലെത്തിക്കുന്നത്.
കോട്ടയത്തേയും പരിസരപ്രദേശത്തേയും കേറ്ററിംഗ് സ്ഥാപനങ്ങൾ ഹോട്ടലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലൊക്കെ അനിൽകുമാറിന്റെ വാഴത്തോട്ടത്തിലെ ഇലകളാണ് സദ്യക്ക് ഉപയോഗിക്കുന്നത്.
കോട്ടയം ജില്ലയിൽ പനച്ചിക്കാടിനു സമീപം പന്നിമറ്റത്ത് പാട്ടത്തിനെടുത്ത മൂന്നര ഏക്കറിലാണ് അനിൽകുമാറിന്റെ വാഴത്തോട്ടം. ഇവിടെ ആദ്യം 4500 ഞാലിപൂവൻ വാഴത്തൈകളാണു നട്ടത്.
ഓരോ വാഴച്ചുവട്ടിലും മൂന്നു മുതൽ അഞ്ചുവരെ വാഴക്കുഞ്ഞുങ്ങൾ വർഷംതോറും ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെ ഇപ്പോൾ ഇരുപതിനായിരത്തിനു മുകളിൽ വാഴകളായി.
വാഴയിലയ്ക്കൊപ്പം കിട്ടുന്ന കുലകൾ അധിക വരുമാനമാണ്. എല്ലാ ദിവസവും ഇലവെട്ടും. കുലവെട്ടി കഴിഞ്ഞാൽ വാഴച്ചുവട്ടിലുള്ള തൈകൾ പിഴുതു മാറ്റാറില്ല.
ദിവസവും അതിരാവിലെ തോട്ടത്തിലെത്തുന്ന അനിൽകുമാർ ഓർഡർ അനുസരിച്ചുള്ള ഇലകൾ വെട്ടിയെടുക്കും. തുടർന്നു ഹോട്ടലുകളിലും കേറ്ററിംഗ് സ്ഥാപനങ്ങളിലും എത്തിക്കും. ഒരിലയ്ക്കു നാലു രൂപയാണു വില.
ഓണം ഉൾപ്പെടെയുള്ള വിശേഷ അവസരങ്ങളിൽ ഇലയുടെ വില ഉയരും. ചിലയവസരങ്ങളിൽ അതു 10 രൂപ വരെയെത്തും. ഓണക്കാലത്ത് ഗൾഫ് നാടുകളിലേക്കും അനിൽകുമാറിന്റെ വാഴയില കയറ്റി വിട്ടിട്ടുണ്ട്.
ഈ ഓണത്തിന് ഒരു ലക്ഷത്തിലേറെ തൂശനിലകൾ വെട്ടി. നാടൻ ഫ്രഷ് ഇലയ്ക്കാണ് എപ്പോഴും ഡിമാൻഡ്. ഞാലിപ്പൂവന്റെ ഇലയാണ് എല്ലാവർക്കും ഇഷ്ടം. അതും നേർത്ത തളിരില.
തുശനില രീതിയിൽ വെട്ടി തുടച്ചു വൃത്തിയാക്കി 100 എണ്ണത്തിന്റെ കെട്ടുകളാക്കിയാണ് വില്പന. വലിയ ഇലയ്ക്ക് പാളയംകോടനാണ് എടുക്കുന്നത്. വാഴക്കന്ന് വാങ്ങി കുഴിയെടുത്ത് ചാണകവും ചാരവും അടിവളമിട്ടാണു നടുന്നത്.
മൂന്നാഴ്ച കഴിഞ്ഞ് ഇല വിരിഞ്ഞുതുടങ്ങുന്നതോടെ വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചാരവും ചാണകവും കോഴിക്കാഷ്ടവും ചേർത്ത മിശ്രിതം കുഴിയൊന്നിന് ഒരു കുട്ട വീതം നൽകും. ഒന്നര മാസമെത്തുന്നതോടെ ഇലവെട്ടാൻ തുടങ്ങും.
ഒരില വെട്ടി അഞ്ചു ദിവസം കഴിയുന്പോൾ അടുത്ത ഇല വെട്ടാറാകും. 10 മാസം കഴിയുന്പോൾ വാഴ കുലയ്ക്കും. ഇതോടെ ഇലവെട്ടൽ നിർത്തും. അപ്പോൾ ചുവട്ടിൽ നിന്നു മുളച്ചു പൊങ്ങിയ തൈകളിൽ നിന്നു ഇലവെട്ടും.
ഇലവെട്ടുന്നതു കൊണ്ടു കുല ചെറുതായിരിക്കുമെങ്കിലും നല്ല വില കിട്ടും. വാഴയ്ക്കു കരുത്തും ഇലകൾക്കു തിളക്കവും കൂട്ടാൻ മൂന്നു മാസം കൂടുന്പോൾ ജൈവവളം നൽകും.
കേരള അതിർത്തിക്കപ്പുറം സത്യമംഗലത്തും കോവൈപുതൂരിലും തൂത്തുക്കുടിയിലും ശീലയംപെട്ടിയിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാം തൂശനില കൃഷി വൻ തോതിൽ നടത്തുന്നവരുണ്ട്.
മലയാളിയുടെ പച്ചക്കറിയും പൂക്കളും കുത്തകയാക്കി വച്ചിരിക്കുന്ന ഇവർക്കു തന്നെയാണ് ഇലയുടെയും കുത്തക. എന്നാൽ അടുത്ത നാളിൽ നിരവധി പേർ കേരളത്തിൽ വാഴകൃഷിക്കൊപ്പം ഇലയ്ക്കു വേണ്ടി മാത്രം കൃഷിയും തുടങ്ങിയിട്ടുണ്ട്.
12-ാം വയസിൽ അച്ഛനോടൊപ്പം കൃഷിയിലേക്ക് ഇറങ്ങിയ അനിൽകുമാർ കോട്ടയം ജില്ലയിലെ മികച്ച കർഷകനുമാണ്. പനച്ചിക്കാട് പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരം പല തവണ അനിൽകുമാറിനെ തേടിയെത്തിയിട്ടുണ്ട്.
വെണ്ട, പയർ, വഴുതന, ചേന, കാച്ചിൽ, ചേന്പ്, കോവൽ തുടങ്ങി എല്ലാ പച്ചക്കറികളും അദ്ദേഹം കൃഷി ചെയ്തിരുന്നു. കോവിഡ് കാലത്ത് കാർഷിക ഉത്പന്നങ്ങളുടെ വില കുറഞ്ഞതോടെ ഇലയിൽ മാത്രമായി ശ്രദ്ധ.
സ്വന്തമായി കേറ്ററിംഗുണ്ട്. ഭാര്യ ജയശ്രീയും മക്കളായ അജിത്കുമാറും അപർണയും പിന്തുണയുമായി അനിൽ കുമാറിനൊപ്പമുണ്ട്.
ഫോണ് : 9388494665
ജിബിൻ കുര്യൻ