വിൽപ്പനയ്ക്കു വച്ചിരിക്കുന്ന സാധനങ്ങൾ പൊതിയാൻ പ്ലാസ്റ്റിക്ക് കൂടിനു പകരം വാഴയില ഉപയോഗിക്കുന്ന സൂപ്പർമാർക്കറ്റ് അധികൃതരെ തേടി അഭിനന്ദനപ്രവാഹം. തായ്ലൻഡിലെ ചിയാംഗ് മായിലുള്ള റിംപിംഗ് എന്നു പേരുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയിലാണ് സാധനങ്ങൾ വാങ്ങുവാൻ എത്തുന്നവർക്ക് ഏറെ കൗതുകകരമായ അനുഭവം നൽകുന്നത്.
പ്രകൃതിയോട് ഏറെ അടുത്ത് നിന്ന് പരിസ്ഥിതി മലിനീകരണം തടയുവാനാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പറയുന്നു. ബീൻസ്, കോവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് വാഴയില ഉപയോഗിച്ച് പൊതിയുന്നത്.
സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രകൃതിക്ക് കോട്ടം സംഭവിക്കാത്ത വിധത്തിലുള്ള ഇത്തരം സംരംഭം ഏറെ ഉപകാരപ്രദമാണെന്നാണ് ഏറെ ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.