വിഴിഞ്ഞം: ഓട്ടോ ഡ്രൈവർ ഇതര സംസ്ഥാനതൊഴിലാളിയെ നടുറോഡിലിട്ട് മർദിക്കുന്ന വീഡിയോ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സംഭവം കണ്ടു നിന്നവർ എടുത്ത വീഡിയോ ഒടുവിൽ പ്രതിയെ കുടുക്കി. വെങ്ങാനൂർ തൈവിളാകത്ത് ശിവശൈലം വീട്ടിൽ സുരേഷ്(47) നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഓട്ടോറിക്ഷയുംപോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പിടിയിലായതോടെ മുന്പ് ഇയാളുടെ അക്രമത്തിനിരയായ വ്യക്തിയും പരാതിയുമായെത്തി.
വിഴിഞ്ഞം മുക്കോല കിടാരക്കുഴിയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി ഗൗതം മണ്ഡലിനെയാണ് ഇയാൾ കഴിഞ്ഞ ദിവസം നാട്ടുകാർ നോക്കി നിൽക്കെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ശനിയാഴ്ച രാത്രിയിൽ മുക്കോല ജംഗ്ഷനിലായിരുന്നു സംഭവം. ജോലികഴിഞ്ഞ് കിടാരക്കുഴിയിലുള്ള ക്യാമ്പിലേക്ക് പോകാനെത്തിയതായിരുന്നു ഗൗതം.
ഈ സമയത്ത് മൊബൈൽ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സുരേഷ് പിന്നിലേക്ക് എടുത്തപ്പോൾ ഗൗതമിന്റെ ശരീരത്തിൽ തട്ടി.
ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുരേഷ് നടുറോഡിലിട്ട് ഗൗതമിന്റെ തലയിൽ ഇടിക്കുകയു മുഖത്തടിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ഓട്ടോറിക്ഷ നീക്കിയിട്ടശേഷം വീണ്ടും മടങ്ങിയെത്തിയ സുരേഷ് ഗൗതമിനെ ഭീഷണിപ്പെടുത്തി അയാളുടെ പക്കലുണ്ടായിരുന്ന തൊഴിൽ കാർഡ് ചോദിച്ചു. കാർഡ് കൊടുക്കാൻ വിസമ്മതിച്ചതിനെതുടർന്ന് വീണ്ടും ഗൗതമിന്റെ മുഖത്തടിച്ച ശേഷം മടങ്ങി.
തൊഴിലാളിയെ പരസ്യമായി മർദിക്കുന്നത് കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തിയ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വിഴിഞ്ഞം പോലീസ് അന്വേഷണം നടത്തി.
തുടർന്ന് ഇന്നലെ പുലർച്ചെ വിഴിഞ്ഞം എസ്എച്ച്ഒ എസ്.ബി.പ്രവീണിന്റെ നേത്യത്വത്തിലെത്തിയ എസ്ഐസുനിൽ. സിപിഒ എ. ജോസ് എന്നിവർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈകുന്നേരം ക്രൈം എസ്ജി കെ രഞ്ജിത്തിന്റെ നേതൃത്വത്തിൽ സുരേഷിനെ സംഭവ സ്ഥലതെത്തിച്ച് തെളിവെടുപ്പ് നടത്തി.സുരേഷ് അറസ്റ്റിലായതോടെ ഇയാൾക്കെതിരെ വീണ്ടും പരാതി ലഭിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.
മുക്കോല ജംഗ്ഷനിലുള്ള മൊബൈൽ കടയിൽക്കയറി പുതിയ സിംകാർഡ് വാങ്ങാനെത്തിയ സുരേഷ് കടയുടമ ബാലരാമപുരം വാണിയർ തെരുവ് സ്വദേശി മുനീറിനെയും മർദിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ ഏഴാം തീയതി ഉച്ചക്ക് 12.40 നായിരുന്നു സംഭവം.ഇതര സംസ്ഥാന തൊഴിലാളിയെ മർദുച്ച സംഭവത്തിൽ സുരേഷ് അറസ്റ്റിലായതോടെയാണ് മുനീർ പോലീസിൽ ഇന്നലെ പരാതി നൽകിയതെന്ന് വിഴിഞ്ഞം എസ്എച്ച് ഒ. എസ്.ബി. പ്രവീൺ പറഞ്ഞു.
വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പോലീസ് അറിയിച്ചു.