എടക്കര: വഴിക്കടവ് വനത്തിൽ കൊന്പനാനയെ വെടിവച്ചു കൊന്ന കേസിലെ പ്രതി 17 വർഷങ്ങൾക്കു ശേഷം അറസ്റ്റിലായി. മാനന്തവാടി എടവക വാളേരി പൊറ്റയിൽ ജോബി എന്ന ഉതുപ്പാനെയാണ് (46) വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നിഷാൽ പുളിക്കൽ അറസ്റ്റ് ചെയ്തത്.
2003 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് റേഞ്ചിലെ പുഞ്ചക്കൊല്ലി വനത്തിലെ എടക്കുറ്റിയിൽ വച്ചാണ് ഇയാൾ കാട്ടാനയെ വെടിവച്ച് കൊന്നത്. എന്നാൽ, ആനയുടെ കൊന്പുകൾ അന്നു നഷ്ടപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്തെ ഹെഡ് ക്വാർട്ടേഴ്സിലെ സുരക്ഷിത കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ് കൊന്പുകൾ.
സംഭവത്തിനു ശേഷം നിരവധി തവണ പ്രതിയെ പിടികൂടാൻ വനപാലക സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കൊന്പനെ വെടിവയ്ക്കാനുപയോഗിച്ച തോക്ക് അന്നുതന്നെ വനത്തിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടതെന്നു ഇയാൾ മൊഴി നൽകി.
ഒരു മാസത്തോളമായി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച വനപാലകർ വ്യാഴാഴ്ച രാത്രി പത്തോടെ വയനാട്ടിലേക്കു പോവുകയും വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ വീടുവളഞ്ഞ് പിടികൂടുകയുമായിരുന്നു.
റേഞ്ച് ഓഫീസർക്കു പുറമെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ചുമതലയുള്ള ശിവദാസൻ കിഴക്കേപ്പാട്ട്, ബിഎഫ്ഒമാരായ എസ്.ശ്രീജേഷ്, കെ.എൻ.ഹരീഷ്, ഇ.എസ്.സുധീഷ്, പി.എൻ.ശ്രീജൻ, പ്രജീഷ്, സലീഷ്കുമാർ, ശീതൾ പ്രകാശ്, ഡ്രൈവർ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി വനം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.