ഇരിങ്ങാലക്കുട: പുല്ലൂരിലെ അപകടവളവിൽ റോഡിന്റെ ഇരുവശത്തും മണ്ണടിച്ചിട്ടിരിക്കുന്ന സ്ഥലത്ത് വഴിയോര കച്ചവടം നിരോധിച്ചതിനെതിരെ വഴിയോര കച്ചവടക്കാർ രംഗത്ത്. ചില സ്ഥാപിത താല്പര്യക്കാരുടെ താല്പര്യങ്ങൾക്കു വേണ്ടിയാണെന്നു കച്ചവടം നിരോധിച്ച തെന്നും, വഴിയോര കച്ചവടം നിരോധിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിക്കും പിഡബ്ല്യുഡി വകുപ്പിനും അധികാരമില്ലെന്നും വഴിയോര കച്ചവടക്കാർ അവകാശപ്പെട്ടു.
പൊതുമരാമത്ത് വകുപ്പും വ്യാപാരികളും ചേർന്നാണു ബോർഡുകൾ പുല്ലൂർ അപകട വളവിൽ കച്ചവടം നിരോധി ച്ചെന്ന് സൂചിപ്പിച്ച് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഏറെ അപകടങ്ങൾ നടന്ന പുല്ലൂർ ഉരിയചിറ അപകടവളവ് രണ്ടുകോടിയോളം രൂപ ചെലവഴിച്ചാണ് വളവ് നിവർത്തുന്നത്. പണി പൂർത്തീകരിക്കുന്നതിനു മുന്പുതന്നെ റോഡിൽ മീൻ കച്ചവടം മുതൽ ഫ്രൂട്ട്സ്, വസ്ത്രങ്ങൾ വരെ കച്ചവടം തുടങ്ങിയിരുന്നു.
റോഡരികിൽ കച്ചവടത്തിനായി സാധനങ്ങൾ നിരന്നതോടെ ഇവിടെ വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നത് കൂടുതൽ അപകട സാധ്യതയാണ് വരുത്തിവയ്ക്കുന്നത്. ഈ സാഹചര്യത്തിലാണു വഴിയോര കച്ചവടം നിരോധിച്ചുള്ള ബോർഡുകൾ സ്ഥാപിച്ചത്.