എടത്വ: വഴിയോര മരങ്ങള്‍ യാത്രക്കാര്‍ക്കു വിനയാവുന്നു. തലവടിയില്‍ രണ്ടു വ്യത്യസ്ത അപകടങ്ങള്‍. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളില്‍ ഓലമടല് വീണും കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ മരത്തിന്റെ ശിഖരം അടര്‍ന്ന് വീണുമാണ് അപകടമുണ്ടായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് തലവടി കൊച്ചമ്മനം കലുങ്കിനു സമീപമാണ് അപകടം. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്കു തെങ്ങോല അടര്‍ന്നു വീണ് ഹെല്‍മറ്റ് പൊട്ടി സ്കൂട്ടര്‍ പിന്‍സീറ്റ് യാത്രക്കാരിയായ തലവടി സ്വദേശി ശ്രീലക്ഷ്മിക്കാ ണു പരിക്കേറ്റത്.
തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവുണ്ടായതിനെത്തുടര്‍ന്ന് എടത്വ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കു പരുമല സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മറ്റൊരപകടത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുന്പിലേക്കു മരത്തിന്റെ ശിഖരം അടര്‍ന്നുവീണു. തലവടി പഞ്ചായത്ത് ജംഗ്ഷനു സമീപമാണ് അപകടം. യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെട്ടെങ്കിലും തകഴിയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തി ശിഖരം മുറിച്ചു മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ വഴിയോര തണല്‍ മരങ്ങള്‍ യാത്രക്കാര്‍ക്കും സമീപ താമസക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് കേളമംഗലം പഴയ ഗ്യാസ് ഏജന്‍സിക്കു സമീപം നിന്ന മരങ്ങള്‍ വീണ് രണ്ടു വീട്ടുകാരുടെ ഗേറ്റും നെറ്റ് വേലിയും വാഴകൃഷിയും നശിച്ചിരുന്നു.
റോഡിലേക്കു ചാഞ്ഞുനില്ക്കുന്ന ശിവരങ്ങള്‍ വെട്ടിമാറ്റിയില്ലങ്കില് വന്‍ അപകടങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.