വാഴൂർ: ദേശീയപാത 183ൽ അപകട ഭീഷണി ഉയർത്തി വാഴൂർ 18-ാം മൈലിലെ കൊടുംവളവ്. അപകട സാധ്യത മേഖലയായ 18-ാം മൈൽ ഭാഗത്ത് റോഡിലെ മീഡിയൻ നീക്കം ചെയ്തതോടെയാണ് അപകട ഭീഷണി കൂടിയിരിക്കുന്നത്. അപകടം ഒഴിവാക്കുന്നതിനായി ഇവിടെ നേരത്തെ മീഡിയൻ സ്ഥാപിച്ചിരിന്നു.
എന്നാൽ, കഴിഞ്ഞ ദിവസം നടന്ന റീ ടാറിംഗിന്റെ ഭാഗമായി റോഡിൽ ഉണ്ടായിരുന്ന മീഡിയൻ പൊളിച്ച് നീക്കിയിരിക്കുകയാണ്. മീഡിയന്റെ കുറച്ച് ഭാഗം ഇപ്പോഴും റോഡിൽ ഉയർന്ന് നിൽക്കുന്നുണ്ട്. ഇതുമൂലം വാഹനങ്ങൾ ഇതിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. മീഡിയന്റെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന റിഫ്ളെക്റ്റിംഗ് ബോർഡുകളും നീക്കം ചെയ്തിട്ടുണ്ട്.
ബോർഡ് നീക്കം ചെയ്തത് യാത്രക്കാർക്ക് മീഡിയൻ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുവഴി കടന്ന് പോകുന്ന യാത്രക്കാർക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ് ദേശീയപാത അധികൃതരുടെ പ്രവർത്തി. പൊളിച്ച് മാറ്റിയ മീഡിയൻ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അല്ലാത്തപക്ഷം വലിയ അപകടങ്ങളാകും വരും ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നതെന്ന് യാത്രക്കാരും പറയുന്നു. മീഡിയൻ പൊളിച്ച് നീക്കിയിട്ടില്ലെന്നും റീ ടാറിംഗിന്റെ ഭാഗമായി വൃത്തിയാക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് ദേശീയ പാത അഥോറിറ്റിയുടെ വിശദീകരണം. ടാറിംഗ് ജോലികൾ മാത്രമാണ് നടത്തുന്നതെന്നും മീഡിയൻ പണിയുക എന്നത് ആലോചനയിൽ ഇല്ല എന്നും ദേശീയ പാത അധികൃതർ പറയുന്നു.