കറുകച്ചാൽ: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണയിൽ വാഴൂർ ഇളന്പള്ളി മേഖല. താൽക്കാലിക പരിഹാര മാർഗങ്ങൾ ഫലപ്രദമാകാത്തതിനാൽ ശാശ്വത പരിഹാരം അന്വേഷിച്ച് നാട്ടുകാർ.
ഇളന്പള്ളി, നെയ്യാട്ടുശേരി, വെള്ളാപ്പള്ളി പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൂടിവന്നിരിക്കുന്നത്.
ഒച്ചുകളുടെ പുറത്തുള്ള ദ്രാവകം ശരീരരത്തിൽ പറ്റുന്പോൾ ചോറിച്ചിൽ അനുഭവപ്പെടുന്നതായും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വൈകുന്നേരങ്ങളിൽ വൻതോതിൽ ഒച്ചുകൾ വീടുകളിലെത്തുന്നതായും പ്രദേശവാസികൾ പറയുന്നു.
നൂറുകണക്കിന് ഒച്ചുകളാണു വീടിന്റെ ചുവരിലും മേൽക്കൂരയിലുമടക്കം തിങ്ങി നിറഞ്ഞത്. വ്യാപകമായി കൃഷിവിളകളും നശിപ്പിക്കുന്നുണ്ട്. കിണറുകളിലടക്കം വ്യാപകമായി ഒച്ചുകൾ ഇറങ്ങിയതോടെ മിക്കരുടെയും വെള്ളംകുടി മുട്ടി.
വെള്ളാപ്പള്ളി പ്രദേശത്തെ പത്തോളം കിണറുകളിലെ വെള്ളം മലിനമായി. ഒച്ചുകൾ ഇറങ്ങുന്നതോടെ വെള്ളം എണ്ണമയം പോലെ കലങ്ങി നിറം മാറുകയാണ്.
തുടർന്നു വെള്ളം കുടിക്കാൻ ഉപയോഗിക്കാൻ കഴിയാതെയായി. പലരും മറ്റു വീടുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
വൈകുന്നേരങ്ങളിലാണ് കൂടുതൽ ശല്യം അനുഭവപ്പെടുന്നത്. പലരും ഉപ്പും മറ്റും വിതറിയാണ് ഒച്ചിന്റെ ശല്യം ഒതുക്കുന്നത്.
സമീപത്തെ എസ്റ്റേറ്റിൽ ജൈവ വളം ഉണ്ടാക്കാനായി ഏതാനും നാളുകൾക്ക് മുന്പ് ലോഡു കണക്കിന് ജൈവ മാലിന്യങ്ങൾ എത്തിച്ചിരുന്നു.
ഇതിന് ശേഷമാണ് ഒച്ചുകൾ പെരുകിയതെന്നു പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.