കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സിപിഐ നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു.
അതേ സമയം കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ മത്സരം സംബന്ധിച്ച നിലപാട് 10 മുതല്‍ 12 വരെ ചേരുന്ന സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപിക്കും.
സിപിഐ നാലു പതിറ്റാണ്ടിലേറെ തുടരെ മത്സരിച്ച വാഴൂര്‍ മണ്ഡലത്തിലെ ഏറെ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി മണ്ഡലമായി മാറിയതിനാല്‍ അതൊഴിഞ്ഞുകൊടുക്കാന് സാധിക്കില്ല.
കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്കായിരുന്നു പരാജയം. അന്നു മത്സരിച്ച വി.ബി. ബിനു വീണ്ടും മത്സരിക്കുമെന്നാണ് സൂചന. ഇദ്ദേഹം കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്നുമുണ്ട്. അടുത്ത നാളില്‍ മണ്ഡലത്തില്‍ സജീവവുമാണ്.
കാഞ്ഞിരപ്പള്ളി ജോസ് കെ.മാണി വിഭാഗത്തിനു നല്കി കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരി, പൂഞ്ഞാര്‍, കോട്ടയം, സീറ്റുകളില്‍ ഒരെണ്ണം പകരം നല്കാന് സിപിഎം നീക്കം നടത്തുന്നുണ്ടെങ്കിലും സിപിഐ ഇതിനോടു യോജിക്കുന്നില്ല.
കേരള കോണ്‍ഗ്രസ്-എം ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതോടെ സിറ്റിംഗ് എംഎല് എ എന്‍. ജയരാജിന് സീറ്റ് നിഷേധിക്കാനാവില്ലെന്ന സാഹചര്യമാണ് എല്‍ഡിഎഫിന് പ്രതിസന്ധിയായത്.
കാഞ്ഞിരപ്പള്ളി വിട്ടൊരു സീറ്റില്‍ മത്സരിക്കാനില്ലെന്ന് എന്‍. ജയരാജ് എംഎല്‍എയും നിലപാടെടുത്തതോടെ എല്‍ഡിഎഫിന്റെ സീറ്റുവിഭജനം പ്രതിസന്ധിയിലാകും.