പാലോട്: ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നന്ദിയോട് കുറുപുഴ എൽപി സ്കൂളിന് സമീപം ഷീജു (37) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ(33) പോലീസ് അറസ്റ്റ് ചെയ്തു
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശിവരാത്രി ഉത്സവം നടക്കുന്നതിനാൽ വീട്ടുകാരും സമീപവാസികളും ക്ഷേത്രത്തിലായിരുന്നു.
ക്ഷേത്രത്തിലായിരുന്ന സൗമ്യ ഇടയ്ക്കു വീട്ടിലേക്കു പോയ ശേഷം മടങ്ങിയെത്തി താൻ ഭർത്താവിനെ കഴുത്തറുത്തു കൊന്നു എന്നു നാട്ടുകാരോടു പറഞ്ഞു.
ഉടൻതന്നെ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ ഷീജുവിനെ കാണുകയായിരുന്നു.
ഹോളോബ്രിക്സ് ഉപയോഗിച്ചാണ് ഷീജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതിനിടയിൽ സൗമ്യ മാനസികനില തെറ്റിയതു പോലെ പെരുമാറുകയും ചെയ്തു.
ഉടൻതന്നെ പാലോട് സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി സൗമ്യയെ കസ്റ്റഡിയിൽ എടുത്തു.
രണ്ടാഴ്ച മുമ്പാണ് ഷീജു ഗൾഫിൽനിന്നു മടങ്ങിയെത്തിയത്. ഷീജുവിനു പരസ്ത്രീ ബന്ധമുണ്ടെന്ന് സൗമ്യയ്ക്കു സംശയമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.
സൗമ്യയ്ക്കു ഷീജുവിനെ സംശയം ആണെന്നും ഇതു സംബന്ധിച്ചു വഴക്കുകൾ നടക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പാലോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.