അങ്കമാലി: പാലിശേരിയില്‍ വീട്ടിൽ കയറി ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവ് പെട്രോള്‍ ഒഴിച്ചു സ്വയം തീകൊളുത്തി മരിച്ചു.
മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസൻ-രമണി ദന്പതികളുടെ മകന് നിഷിൽ (31) ആണു മരിച്ചത്.
പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവരാണ് ഇയാളുടെ ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
ദന്പതികളെ ആക്രമിച്ചശേഷം വീട്ടിൽ വച്ചുതന്നെ നിഷിൽ സ്വയം തീകൊളുത്തുകയായിരുന്നു.
ബഹളം കേട്ടു നാട്ടുകാര്‍ എത്തുന്പോൾ ദമ്പതികൾ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്.
ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി നിഷില്‍ മരിച്ചു. ഡൈമിസിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ദമ്പതികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇവരുടെ വീടിന്റെ ടൈല്‍ ജോലി ചെയ്തതു നിഷിലാണ്. ജോലി ചെയ്തതിലെ കൂലിത്തര്‍ക്കമാണ് കത്തിക്കുത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരുന്ന ഡൈമിസും ഫിഫിയും വീട്ടിലെത്തുമ്പോള്‍ നിഷില്‍ വീടിന്റെ ഒരുഭാഗത്ത് ഒളിച്ചിരിക്കുകയായിരുന്നു.
കത്തിയും പെട്രോളും ഇയാൾ കരുതിയിരുന്നു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു.
വീടിന്റെ മുന്വശത്തേക്കോടിയ ഫിഫിയെ രക്ഷിക്കുന്നതിനിടെ ഡൈമിസിനും കുത്തേല്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ വെള്ളമൊഴിച്ചു നിഷിലിന്റെ ദേഹത്തെ തീകെടുത്തിയശേഷം ദമ്പതികളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും നിഷിലിനെ അങ്കമാലിയിലെ ആശുപത്രിയിലും എത്തിച്ചു.
നിഷിലിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്.
വീടിന്റെ ടൈല്‍ ജോലികള്‍ തീര്‍ന്നപ്പോള്‍ 30,000 രൂപ കൂടി നല്‍കണമെന്നു നിഷില്‍ ഡൈമിസിനോട് ആവശ്യപ്പെട്ടിരുന്നു. അളവുകള്‍ പ്രകാരം അത്രയും തുക ഇല്ലെന്നു പറഞ്ഞു ഡൈമിസ് പണം നല്‍കിയില്ല.
ഇതുമായി ബന്ധപ്പെട്ടു ഡൈമിസ് നല്കിയ പരാതിയില്‍ ഇരുകൂട്ടരെയും വിളിച്ചുവരുത്തി പോലീസ് ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. ഈ വിഷയത്തെച്ചൊല്ലി അടുത്തിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായതോടെ ഡൈമിസ് വീണ്ടും പരാതി നല്കി.
ഇതാണു നിഷിലിലെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. നിഷില്‍ അവിവാഹിതനാണ്. സഹോദരി: നിമ.