ന്യൂഡൽഹി: വി.സി സജ്ജനാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്തകളിൽ നിറയുന്നത് ആദ്യമായല്ല. 2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിങ് വിദ്യാർഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പോലീസ് വെടിവച്ചു കൊന്നപ്പോൾ വാറങ്കൽ എസ്പിയായിരുന്നു സജ്ജനാർ.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കൾ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു.
പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികൾ സമ്മതിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ മൂവുനൂരിൽ എത്തിയപ്പോൾ പോലീസ് പാർട്ടിക്കു നേരെ ഇവർ ആക്രമണം നടത്തിയതിനെ തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.
അറസ്റ്റ് ചെയ്ത യുവാക്കൾക്കൊപ്പം ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. സൗപർണിക എന്ന പെണ്കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഈ കുട്ടിയുടെയും കൂട്ടുകാരി പ്രണിതയുടെയും ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് ശരീരത്തിൽ വീണ ഒരു പെണ്കുട്ടി മരിച്ചു. അന്നു വാറങ്കലിൽ ഹീറോ ആയിരുന്നു സജ്ജനാർ. നൂറുകണക്കിനു വിദ്യാർഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസിൽ എത്തിയിരുന്നത്. വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്ന സംഭവമുണ്ടായപ്പോൾ ഹൈദരാബാദ് എസ്പിയാണ് സജ്ജനാർ.