കൊച്ചി: പ്രകാശ് ജാവദേക്കറെ ഇ.പി. ജയരാജന് കണ്ടത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, ബിജെപി നേതാവ് മാത്രമാണ്. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ജാവേദക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത് ? ഇപിയുടെ മകന്റെ വീട്ടില്‍ എന്താണ് ജാവദേക്കര്‍ പോയത് ? മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ബന്ധമാണ്. പിടിക്കുമെന്ന് മനസിലായപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപറയുകയാണ് ഉണ്ടായതെന്ന സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണമോയെന്ന ചോദ്യം ഉയരുന്ന തെരഞ്ഞെടുപ്പാണ്. നമ്മുടെ ഇന്ത്യ ജീവിക്കണമെന്നാണ് ഉത്തരം കൊടുക്കുന്നതെങ്കില്‍ ഈ വര്‍ഗീയ ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഉണ്ടാകണമെന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന സമയം കൂടിയാണിത്.
നിശബ്ദമായൊരു തരംഗം രാജ്യത്ത് എല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കേരളത്തില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ജനങ്ങളുടെ രോഷവും അമര്‍ഷവും പ്രതിഷേധവുമെല്ലാം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 20ല്‍ 20 സീറ്റും ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങളെല്ലാം. ഇതുവരെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഞങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ കൊണ്ടുപോകാന്‍ കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ചത് കേരളത്തിലെ യുഡിഎഫാണ്. യുഡിഎഫ് തീരുമാനിച്ച അജണ്ടയില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്ന സംതൃപ്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങളെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ കൊണ്ടുവന്ന കാര്യങ്ങളെല്ലാം പരാജപ്പെടുകയും അതെല്ലാം പ്രസക്തിയില്ലാതായി മാറിയെന്നും അദ്ദഹം പറഞ്ഞു.
കേരളത്തിലെ അപ്രസക്തരായ ചില ആളുകള്‍ ബിജെപിയിലേക്ക് പോയപ്പോള്‍ അതിനെക്കുറിച്ച് അട്ടഹസിച്ച ആളാണ് മുഖ്യമന്ത്രിയും പല ഇടതുമുന്നണി നേതാക്കളും. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ കണ്ടത് ഇടതുമുന്നണി കണ്‍വീനര്‍ തന്നെ ബിജെപിയിലേക്ക് പോകാന്‍ തീരുമാനമെടുത്തുവെന്ന തെളിവുകളാണ് പുറത്തുവരുന്നത്. ഏത് ആയുധം വച്ചിട്ടാണ് അവര്‍ ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചത് ആ ആയുധം തന്നെ അവര്‍ക്ക് നേരെ തിരിച്ചു വന്നിരിക്കുകയാണെന്നും സതീശന് പറഞ്ഞു.