കൊച്ചി: സിനിമാ മേഖലയിൽ സംഘടിത ചൂഷണവും കുത്തകവൽക്കരണവുമാണ് നടക്കുന്നതെന്ന് വി.ഡി. സതീശൻ എംഎൽഎ. ഐഎൻടിയുസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സിനിമ സീരിയൽ പ്രവർത്തകരുടെ സംഘടനയായ ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷന്റെ(ഇഫ്റ്റ) സംസ്ഥാന കണ്വൻഷൻ എറണാകുളം ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഷ്ടമില്ലാത്ത ആളുകളെ പുറത്താക്കുക, അവർക്ക് അവസരങ്ങൾ നിഷേധിക്കുക തുടങ്ങിയ കാര്യങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ടുള്ള സംഘടനയിൽ നടക്കുന്നത്.
പൊതുപരിപാടികളിൽ സിനിമാതാരങ്ങളെ പങ്കെടുപ്പിക്കണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥയാണ്. ബ്ലേഡ് കന്പനികളുടെ പ്രവർത്തന ശൈലിക്ക് സമാനമാണ് സംഘടനകളുടേതെന്നും അദ്ദേഹം പറഞ്ഞു. ഇഫ്റ്റ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.വി പുരം രാജു, വി.ജെ. ജോസഫ്, പ്രമോദ് കോഴിക്കോട്, വി.ആർ. പ്രതാപൻ, അനിൽ രാഘവ്, നടൻ വിനോദ് കോവൂർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇഫ്റ്റ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും നടന്നു.