കൊച്ചി: എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ പറവൂരില്‍ ഇക്കുറി ഭൂരിപക്ഷത്തില്‍ കുറവ് സംഭവിച്ചെങ്കിലും വി.ഡി. സതീശനിലൂടെ തന്നെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി.
2001 ല്‍ തേരൊട്ടം തുടങ്ങിയ സതീശന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയായിരുന്നു. പ്രളയകാലത്തുള്‍പ്പെടെ മണ്ഡലത്തില്‍ വി.ഡി. സതീശന് നടത്തിയ ഇടപെടുകള്‍ക്ക് ജനം നല്കിയ അംഗീകാരമായിരുന്നു ഈ വിജയമെങ്കില്‍ ഇതിന് പാര്‍ട്ടി നല്കുന്ന അംഗീകാരമാണു പ്രതിപക്ഷ നേതാവെന്ന സ്ഥാനം.
നിയമസഭയ്ക്കുള്ളിലും പുറത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടനവധി അഴിമതിക്കഥകള്‍ പുറത്ത് കൊണ്ടുവരാന്‍ നിര്‍ണായക പങ്ക വഹിച്ച സാമാജികനാണ് ഇദ്ദേഹം. 56കാരനായ വി.ഡി. സതീശന് കെപിസിസി വൈസ് പ്രസിഡന്റുമാണ്.
എംജി സര്‍വകലാശാല യൂണിയന് ചെയര്‍മാനും എന്എസ്യു ദേശീയ സെക്രട്ടറിയും എഐസിസി സെക്രട്ടറിയുമായിരുന്നു. 25 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുണ്ട്. വിദ്യാഭ്യാസം: സോഷ്യോളജിയിലും നിയമത്തിലും ബിരുദം.
ഏറെക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. മരട് വടശേരി കുടുംബാംഗം. ഇപ്പോള്‍ ആലുവയില്‍ താമസം. ലക്ഷ്മി പ്രിയയാണു ഭാര്യ. മകള്‍: ഉണ്ണിമായ.
മാറ്റം സ്വാഗതം ചെയ്ത് നേതാക്കന്മാർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചതോടെ അഭിനന്ദന പ്രവാഹമാണ് വി.ഡി.സതീശനെ തേടിയെത്തുന്നത്. ഗ്രൂപ്പിന് അതീതമായി നേതാക്കന്മാർ വി.ഡിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി.സതീശനെ വി.എം.സുധീരൻ അഭിനന്ദിച്ചു.
പാർട്ടി താത്പര്യത്തിന് മുൻതൂക്കം ലഭിച്ചെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടി താത്പര്യത്തിന് മുൻതൂക്കം ലഭിച്ചെന്നും ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്നും സുധീരന് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ മാറ്റത്തിൽ മാത്രം ഒതുങ്ങില്ലെന്നാണ് ഷാഫി പറന്പിൽ എംഎൽഎ പറയുന്നത്.
പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ തെരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്നും ഷാഫി പറന്പിൽ പറഞ്ഞു.നിയമസഭയിൽ എല്ലാ പിന്തുണയും വി.ഡി.സതീശന് നൽകുമെന്ന് പി.ജെ.ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് തിളങ്ങാനാകട്ടെ എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആശംസിച്ചു . വി. ഡി സതീശൻ നിയമസഭയിൽ സാമാജികനെന്ന നിലയിൽ പാടവം തെളിച്ചിട്ടുണ്ട്. എഐസിസി തീരുമാനം അനുസരിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേര് നിര്‍ദേശിച്ച് സ്പീക്കര്‍ക്ക് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. ഗ്രൂപ്പിന് അതീതമായ പിന്തുണ സതീശന് ഉണ്ടാകുമെന്നാണ് ബെന്നി ബഹനാൻ പറഞ്ഞു. മികച്ച പാർലമെന്ററി പ്രവർത്തനം, ആഴത്തിലുള്ള പഠനം,ആത്മാർഥമായ ഇടപെടൽ.
ജനകീയനായ ജനപ്രതിനിധിയെന്നാണ് വിടി ബല്‍റാം വി.ഡി സതീശനെ വിശേഷിപ്പിച്ചത്. എല്ലാ പിന്തുണയും എന്നാണ് ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടത്.സമരസപ്പെടലുകൾ ഇല്ലാതെ സമരസമര സാഗരം തീർക്കാന്‍ വി.ഡി സതീശനെന്നാണ് യുവ കോണ്‍ഗ്രസ് നേതാവ് വി.എസ് ജോയ് അഭിപ്രായപ്പെട്ടത്.